'വയലന്‍സ് ഉള്ളതുകൊണ്ട് മാത്രമല്ല മാർക്കോ വിജയിച്ചത്, വയലന്‍സ് വിശ്വസനീയമായി തോന്നി'; ടെക്നിക്കലിയും, അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും ചിത്രം മികച്ചതാണെന്നും ടൊവിനോ തോമസ്
കൊച്ചി: മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മാർക്കോ'. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും 'മാർക്കോ' എന്നാണ് വിലയിരുത്തൽ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിലെത്തിയ മാർക്കോ കൊറിയയിൽ റിലീസിനെത്തുന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മാർക്കോ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. വയലന്‍സ് ഉള്ള സിനിമകളോട് ആളുകള്‍ക്ക് അഡിക്ഷന്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു താരം മാർക്കോയെ കുറിച്ച് പറഞ്ഞത്. മാര്‍ക്കോയുടെ വിജയവുമായി ബന്ധപ്പെടുത്തിയാണ് ടൊവിനോയുടെ മുന്നിലേക്ക് ഈ ചോദ്യം എത്തിയത്.
'മാര്‍ക്കോ നല്ലയൊരു സിനിമയാണ്, ടെക്നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടും. അതൊക്കെ കൊണ്ടാണ് അതിലെ വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് ഉള്ളതുകൊണ്ട് മാത്രമല്ല ആ സിനിമയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു. സിനിമ എന്ന നിലയ്ക്ക് നല്ലതായതുകൊണ്ടാണ് അത് വിജയിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നത് അല്ലല്ലോ. ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും' ടൊവിനോ പറയുന്നു.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.