20 വർഷങ്ങൾക്ക് ശേഷം ഉദയഭാനുവും സരോജ് കുമാറും വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'; ചിത്രത്തിന്റെ 4K ട്രെയിലർ പുറത്ത്
തിരുവനന്തപുരം: മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന 'ഉദയനാണ് താരം' എന്ന ചിത്രത്തിന്റെ 4K പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഈ സൂപ്പർഹിറ്റ് ചിത്രം 20 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 6-ന് വീണ്ടും തിയേറ്ററുകളിലെത്തും. സിനിമയിലെ രസകരമായ സംഭാഷണങ്ങളും ഓർമ്മിക്കപ്പെടുന്ന രംഗങ്ങളും കോർത്തിണക്കിയാണ് പുതിയ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 6-ന് റീ-റിലീസ് ചെയ്യും.
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഉദയനാണ് താരം' റിലീസ് സമയത്ത് ബോക്സ് ഓഫീസിൽ മികച്ച വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ ഹാസ്യാത്മകമായും അതേസമയം ചിന്തിപ്പിക്കുന്ന തലത്തിലും അവതരിപ്പിച്ചതാണ് ഈ ചിത്രം.
സംവിധായകൻ ഉദയഭാനുവായി മോഹൻലാലും രാജപ്പൻ തെങ്ങുമ്മൂടിൽ നിന്ന് സരോജ് കുമാറായി മാറുന്ന കഥാപാത്രത്തെ ശ്രീനിവാസനും അവിസ്മരണീയമാക്കി. സി. കരുണാകരൻ കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്. മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോൾ, ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. മുകേഷ്, സലിംകുമാർ, ഇന്ദ്രൻസ്, ഭാവന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
ദീപക് ദേവിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച "കരളേ, കരളിന്റെ കരളേ" ഉൾപ്പെടെയുള്ള ഗാനങ്ങൾ അക്കാലത്ത് വലിയ ഹിറ്റായിരുന്നു. എസ്. കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഗാനരചന കൈതപ്രവും പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. രഞ്ജൻ എബ്രഹാം എഡിറ്റിംഗ് കൈകാര്യം ചെയ്തു.
മികച്ച നവാഗത സംവിധായകൻ, മികച്ച നൃത്തസംവിധാനം എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും 'ഉദയനാണ് താര'ത്തിന് ലഭിച്ചിട്ടുണ്ട്. എ.കെ. സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസാണ് ചിത്രത്തിന്റെ വിതരണക്കാർ.
