'അമ്മാമ്മ മരണ കിടക്കയിൽ വെച്ച് ഊരി തന്നതാ'; ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ പ്രധാന വേഷങ്ങളിൽ; ശ്രദ്ധനേടി 'വള'യുടെ രസകരമായ ട്രെയിലർ
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'വള' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു വളയെ കേന്ദ്രീകരിച്ചുള്ള സംഭവബഹുലമായ കഥയാണ് ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ചിത്രം സെപ്തംബർ 19ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് 'വള' സംവിധാനം ചെയ്യുന്നത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് നായികമാർ. വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹാസ്യത്തിൽ ചാലിച്ച കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ചുവടുവയ്ക്കുന്നു. അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഫെയർബെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേഫറർ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് സംഗീത അവകാശങ്ങൾ നേടിയിരിക്കുന്നത്.
'വള'യുടെ ട്രെയിലർ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. വിവിധ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിംഗ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സി. പ്രൊഡ്യൂസർ: ഹാരിസ് റഹ്മാൻ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.