വീണ്ടും തിരിച്ചടി; 'ജനനായകൻ' റിലീസ് വൈകും; പ്രദര്‍ശനാനുമതി നിഷേധിച്ച് ഹൈക്കോടതി; വിജയ് ചിത്രത്തിനായി ആരാധകർ ഇനിയും കാത്തിരിക്കണം

Update: 2026-01-27 06:35 GMT

ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം 'ജനനായകൻ' റിലീസ് വൈകും. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സെൻസർ ബോർഡിന്റെ (CBFC) വിശദീകരണം കൂടി കേട്ട് വേണം വിഷയത്തിൽ തീരുമാനമെടുക്കാനെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ചിത്രത്തിന് യു.എ 16+ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് (CBFC) ആണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഈ മാസം 20-ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു. സിംഗിൾ ബെഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ചില്ലെന്നും, ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടുള്ള സി.ബി.എഫ്.സി ചെയർമാന്റെ ഉത്തരവിനെ പ്രൊഡ്യൂസേഴ്സ് ചോദ്യം ചെയ്തില്ലെന്നുമായിരുന്നു സെൻസർ ബോർഡിന്റെ പ്രധാന വാദം.

അതേസമയം, സി.ബി.എഫ്.സി നിർദേശിച്ച മാറ്റങ്ങൾ മുഴുവൻ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചുവെന്ന് നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ജനനായകൻ' പൊങ്കലിന് മുന്നോടിയായി ജനുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് റഫർ ചെയ്തതായി സെൻസർ ബോർഡ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനെ അറിയിച്ചു. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

Tags:    

Similar News