ജോജു ജോർജ്-ഷാജി കൈലാസ് കോമ്പോയുടെ ആദ്യ ചിത്രം; 'വരവി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2025-10-22 14:33 GMT

കൊച്ചി: നടൻ ജോജു ജോർജ് നായകനാകുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം 'വരവി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ ഷാജി കൈലാസാണ് ചിത്രം ഒരുക്കുന്നത്. ജോജു ജോർജിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ, പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ അതിജീവന പോരാട്ടങ്ങളാണ് പ്രമേയമാക്കുന്നത്.

ജീപ്പിന്റെ തകർന്ന ഗ്ലാസ്സിലൂടെ നോക്കുന്ന ജോജുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് ചിത്രത്തിൽ ജോജുവിന് നായികയായെത്തുന്നു. ഷാജി കൈലാസിന്റെ സംവിധാന മികവും ജോജുവിന്റെ ശക്തമായ അഭിനയവും ചേരുമ്പോൾ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജോജു ജോർജും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

Full View

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസും നൈസി റെജിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റണ്ട് സംവിധായകരായ അൻപറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവർ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. മലയാളത്തിന്റെ പ്രിയ നടി സുകന്യയുടെ തിരിച്ചുവരവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

Tags:    

Similar News