പുരസ്‍കാരങ്ങളുടെ തിളക്കവുമായി 'വിക്ടോറിയ' തിയറ്ററിലേക്ക്; ശിവരഞ്ജിനി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി; റിലീസ് തീയതി പുറത്ത്

Update: 2025-11-26 15:36 GMT

കൊച്ചി: ശിവരഞ്ജിനി രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച 'വിക്ടോറിയ' എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ മാസം 28-ന് കേരളത്തിലെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആകാംഷയുണർത്തുന്ന ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തിറക്കി. 1.09 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ മികച്ച ആഖ്യാനരീതികൊണ്ട് കൗതുകമുണർത്തുന്നു.

ഒരു ബ്യൂട്ടിപാർലർ ജോലിക്കാരിയായ വിക്ടോറിയയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മീനാക്ഷി ജയനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുവനായും സ്ത്രീ കഥാപാത്രങ്ങളിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. മീനാക്ഷി ജയന് ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിൽ ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്ത പ്രകടനമാണ് 'വിക്ടോറിയ'യിലേത്. ഇന്ത്യയിൽ നിന്ന് ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമയും ഇതുതന്നെ.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFK 2024) മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തി. മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം എന്നീ മൂന്ന് പുരസ്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്‌കാരം എന്നിവയും വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ, തായ്പോ, അഡ്ലെയ്ഡ് ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Full View

മീനാക്ഷി ജയനെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറയ്ക്കല്‍, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം ഒരു പൂവൻകോഴിയും പ്രധാന കഥാപാത്രമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായി ഒരുക്കിയ സംരംഭത്തിലാണ് ഈ ചിത്രം നിർമ്മിച്ചത്. ആനന്ദ് രവി ഛായാഗ്രഹണവും അഭയദേവ് പ്രഫുൽ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

Tags:    

Similar News