തീയറ്ററുകളിൽ ക്ലിക്കായില്ല; ഒടുവിൽ ഒടിടിയില്‍ എത്തിയപ്പോള്‍ വമ്പൻ സ്വീകാര്യത; നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗായി അജിത്തിന്റെ 'വിടാമുയര്‍ച്ചി'
ചെന്നൈ: ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാറിന്‍റെ വിടാമുയര്‍ച്ചി. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വന്ന താരത്തിന്റെ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. 200 കോടിയിലേറെ ബജറ്റില്‍ എടുത്ത ചിത്രം ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളിക്സിസിലൂടെ വിടാമുയര്‍ച്ചി കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയിരിക്കുകയാണ്.
എന്നാല്‍ ചിത്രം വന്ന് ഒരു ദിവസത്തിനകം ഇന്ത്യയില്‍ ട്രെന്‍റിംഗ് നമ്പര്‍ 1 സ്ഥാനം പിടിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് വന്‍ തുകയ്ക്കാണ് ചിത്രം എടുത്തത് എന്നാണ് വിവരം. തമിഴിന് പുറമേ മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലും വിടാമുയര്‍ച്ചി ലഭ്യമാണ് നെറ്റ്ഫ്ലിക്സില്‍.
ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാര്‍ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയര്‍ച്ചി'. മിലന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന വിടാമുയര്‍ച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.