പ്രണവിന്റെ 'ഡീയസ് ഈറേ' കാണാൻ പോകുന്നുണ്ടോ നിങ്ങൾ?; എങ്കിൽ ഇക്കാര്യം മസ്റ്റായി ശ്രദ്ധിക്കണം; വലിയൊരു മുന്നറിയിപ്പുമായി തിയറ്ററുകാർ
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ത്രില്ലർ ചിത്രം 'ഡീയസ് ഈറേ' പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കരുതെന്ന് കേരളത്തിലെ തിയേറ്റർ ഉടമകൾ പ്രേക്ഷകർക്ക് അഭ്യർത്ഥന നൽകി. ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നതിനിടെയാണ് ഈ പ്രത്യേക നിർദ്ദേശം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' ഒരു ഹൊറർ അനുഭവം നൽകുന്ന ചിത്രമാണെന്നും, അതിനാൽ അനാവശ്യ ബഹളങ്ങളിലൂടെ ചിത്രത്തിന്റെ ആസ്വാദനം തടസ്സപ്പെടുത്തരുതെന്നും തിയേറ്റർ ഉടമകൾ അറിയിച്ചു. നിലവിൽ 'ഡീയസ് ഈറേ' പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഈ നിർദ്ദേശം സ്ക്രീനിംഗ് വഴി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. തൃശൂർ രാഗം, കോഴിക്കോട് അപ്സര തിയേറ്ററുകൾ ഉൾപ്പെടെയുള്ളവ ഈ നിർദ്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പലരും ഹൊറർ സിനിമകൾ കാണുമ്പോൾ അനാവശ്യമായി ബഹളം വെച്ച് മറ്റുള്ളവരുടെ ആസ്വാദനം നശിപ്പിക്കുന്നുവെന്ന് പ്രേക്ഷകർക്കിടയിൽ നിന്നും പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിയേറ്റർ ഉടമകളുടെ ഭാഗത്തുനിന്നുള്ള ഈ അഭ്യർത്ഥന.
"ക്രോധത്തിൻ്റെ ദിനം" എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ തിരക്കഥയും സംവിധായകനായ രാഹുൽ സദാശിവൻ്റേതാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.