'ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേണ്ട, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്കായുള്ള ഒരു സ്പേസ് ഉണ്ടാക്കാൻ ഞങ്ങൾ എല്ലാവരും ശ്രമിച്ചു'; തുറന്നടിച്ച് റീമ കല്ലിങ്കൽ
കൊച്ചി: മലയാള സിനിമയിൽ റെക്കോർഡുകൾ തീർത്ത് മുന്നേറുന്ന 'ലോക ചാപ്റ്റർ 1' എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് നടി റിമ കല്ലിങ്കൽ. ചിത്രത്തിന്റെ ബോക്സ് ഓഫീസ് മുന്നേറ്റത്തിനിടെ, ക്രെഡിറ്റ് പാർവതി, ദർശന തുടങ്ങിയ നടിമാർക്കും അവകാശപ്പെട്ടതാണെന്ന നൈല ഉഷയുടെ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് റിമ.
'ലോക’യുടെ വിജയത്തിൽ നിന്നും ഞങ്ങൾ പ്രത്യേകിച്ച് ഒന്നും എടുത്തുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. നിമിഷ് (ഛായാഗ്രാഹകൻ), ഡൊമനിക് (സംവിധായകൻ) എന്നിവരെ എനിക്ക് വ്യക്തിപരമായി അറിയാം. ഇത്തരം സംവാദങ്ങൾ കാരണമാണ് ഇത്തരം സിനിമകൾ (സ്ത്രീ കേന്ദ്രീകൃത) ഉണ്ടാകാനും അതിന് അവസരമൊരുങ്ങാനും ഒരു സ്പേസ് ഉണ്ടായത്. ഞങ്ങൾ അതുണ്ടാക്കിയെന്ന് പറയാൻ താല്പര്യമില്ല, പക്ഷെ അതിനായുള്ള ഒരു വേദി ഒരുക്കാൻ ഞങ്ങൾ എല്ലാവരും ചേർന്ന് ശ്രമിച്ചു,' റിമ കല്ലിങ്കൽ പറഞ്ഞു.
സിനിമ ഒരാൾക്കും സ്വന്തമല്ലെന്നും മികച്ച സിനിമകൾക്കും ക്രാഫ്റ്റുകൾക്കുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 'സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്ന് പറയുമ്പോൾ തന്നെ കുറഞ്ഞ ബജറ്റിൽ ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് പറയാറുണ്ട്. ഇത് സിനിമയുടെ ക്രാഫ്റ്റിനെ ബാധിക്കുന്നു. പ്രേക്ഷകർ ടിക്കറ്റിന് ഒരേ പൈസ തന്നെയാണ് നൽകുന്നത്, അവർക്ക് ആവശ്യമുള്ള ക്രാഫ്റ്റ് ലഭിക്കണം. മലയാള പ്രേക്ഷകർ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്, അവിടെ വിലപേശൽ സാധ്യമല്ല.'
സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബജറ്റ് പരിമിതികൾ നേരിടുന്നതായും, എന്നാൽ അഞ്ച് സിനിമകൾ പരാജയപ്പെട്ട നടന്മാരുടെ ചിത്രങ്ങൾക്ക് പോലും റിസ്ക് എടുക്കാൻ നിർമ്മാതാക്കൾ തയ്യാറാകുന്നതായും റിമ ചൂണ്ടിക്കാട്ടി. 'ഇൻഡസ്ട്രിക്ക് അകത്താണ് ഈ ജെൻഡർ വ്യത്യാസം ഞാൻ മനസ്സിലാക്കുന്നത്,' അവർ വ്യക്തമാക്കി.