വിവാദങ്ങൾ ഒഴിയാതെ 'എമർജൻസി'; കങ്കണ റണൗത്തിനെതിരെ കോടതി നോട്ടീസ്; റിലീസ് വീണ്ടും അനിശ്ചിതത്തിൽ

Update: 2024-09-18 06:17 GMT

നടിയും ബിജെപി എംപിയുമായ കങ്കണ റണൗത്തിന് ചണ്ഡീഗഡ് ജില്ലാ കോടതിയുടെ നോട്ടീസ്. തൻ്റെ പുതിയ ചിത്രമായ 'എമർജൻസി' എന്ന സിനിമയിൽ സിഖുകാരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് ജില്ലാ ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ് അഡ്വക്കേറ്റ് രവീന്ദർ സിംഗ് ബസ്സി അപേക്ഷ നൽകിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ സംവിധായക കൂടിയായ കങ്കണ ഇന്ദിരാ ഗാന്ധിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

സിഖുകാർക്കെതിരെ തെറ്റായ പരാമർശങ്ങൾക്ക് പുറമെ, സമുദായത്തിനെതിരെ നിരവധി തെറ്റായ ആരോപണങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം തെറ്റിധാരണകൾ സൃഷ്ട്ടിക്കുന്നതിനാൽ റണൗത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും അഭിഭാഷകൻ ഹർജിയിൽ പറഞ്ഞു. കേസ് ഡിസംബർ അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

1975-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളില്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ കീഴിലുള്ള ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്.

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനാൽ സിനിമയുടെ റിലീസ് മാറ്റിവച്ചതിനെ തുടർന്ന് മുംബൈയിലെ തൻ്റെ സ്വത്ത് വിൽക്കാൻ നിർബന്ധിതനാണെന്ന് താരം അടുത്തിടെ പറഞ്ഞു. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തൻ്റെ ബംഗ്ലാവ് 32 കോടി രൂപയ്ക്ക് താരം വിറ്റതായി റിപ്പോർട്ടുകളുണ്ട് .

എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ കങ്കണ കങ്കണ റണൗത് വിവാദത്തിലാണ്. ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സര്‍ട്ടിഫിക്കറ്റ് കിട്ടാനും ഏറെ കാലതാമസം നേരിട്ടു. ഇതോടെ ചിത്രത്തിന്റെ റിലീസും മാറ്റിയിരുന്നു.

അതിനുശേഷം ചിത്രത്തില്‍ മൂന്ന് കട്ടുകളും, ചിത്രത്തിലെ വിവാദപരമായ ചരിത്രപരമായ രംഗങ്ങള്‍ക്ക് വസ്തുതാപരമായ ഉറവിടങ്ങള്‍ നല്‍കുകയും ചെയ്തിനാല്‍ 'യുഎ' സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ സിബിഎഫ്സി പരിശോധനാ സമിതി പച്ചക്കൊടി കാട്ടിയിരുന്നു.

നേരത്തെ കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിര്‍മ്മാതാക്കളായ സീ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെടാന്‍ കോടതി തയ്യാറായില്ല. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിന്നത്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് സിനിമയെക്കുറിച്ചുള്ള എതിര്‍പ്പുകള്‍ പരിഗണിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബോംബെ ഹൈക്കോടതി അടിയന്തര ഇളവ് നല്‍കാന്‍ വിസമ്മതിച്ചിരുന്നത്.

തന്റെ സിനിമയ്ക്കുമേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഭീകരമായ അവസ്ഥയാണിതെന്നും കങ്കണ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു എന്നുമോര്‍ക്കുമ്പോള്‍ വളരെയേറെ നിരാശ തോന്നുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളിതാരം വിശാഖ് നായര്‍,എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Similar News