സിഗരറ്റ്, ആല്‍ക്കഹോള്‍, ഡ്രഗസ് ഇതിനെക്കാള്‍ വലിയ ലഹരിയാണ് പണം; ദുല്‍ഖറിന്റെ 'മണി ഹീറ്റ് '; ലക്കി ഭാസ്‌കര്‍ ട്രെയിലര്‍

Update: 2024-10-22 10:16 GMT

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം ലക്കി ഭാസ്‌കറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകര്‍ക്ക് ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന തരത്തിലാണ് ട്രെയിലര്‍. 'ഇവിടെ പണം കൊടുത്താല്‍ എന്തും കിട്ടും എന്നാല്‍ റെസ്പെക്റ്റ് കിട്ടണമെങ്കില്‍ നമ്മുടെ കയ്യില്‍ പണമുണ്ടെന്ന് നാലാളറിയണം'. അപ്രതീക്ഷിതമായി ലഭിക്കുന്ന പണവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പാന്‍ ഇന്ത്യന്‍ തെലുഗു ചിത്രമായ ലക്കി ഭാസ്‌കര്‍ ഒക്ടോബര്‍ 31 ന് ആഗോള തലത്തില്‍ റിലീസിന് എത്തും. ദീപാവലി റീലിസായി എത്തുന്ന ഈ ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് ദുല്‍ഖര്‍. 'ലക്കി ഭാസ്‌കര്‍' കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

വെങ്കി അറ്റ്‌ലൂരിയാണ്, 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ലക്കി ഭാസ്‌കര്‍ രചിച്ചു സംവിധാനം ചെയ്തത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ലക്കി ഭാസ്‌കര്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കേരളത്തിലും ചിത്രത്തിന്റെ പ്രമോഷന്‍ ഇവന്റ് നടക്കും.കേരളം കൂടാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും പ്രമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന 'ലക്കി ഭാസ്‌കര്‍' ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.


Full View


Tags:    

Similar News