കസറി കിഷ്‌ക്കിന്ധാകാണ്ഡം! വെറ്ററന്‍ നടന്‍ വിജയരാഘവന്റെ കരിയര്‍ ബെസ്റ്റ്; ഗംഭീരമാക്കി ആസിഫലിയും; രചനയും ക്യാമറയും ചെയ്ത് ഞെട്ടിച്ച് ബാഹുല്‍ രമേഷ്; ഇത് വ്യത്യസ്തമായ ഫാമിലി മിസ്റ്ററി ത്രില്ലര്‍
ആദ്യാവസാനം ദുരൂഹതയൊളിപ്പിച്ച, ഒരു മിസ്റ്ററി ത്രില്ലര്‍.
കിഷ്‌ക്കിന്ധാകാണ്ഡം എന്ന പേരുകേള്‍ക്കുമ്പോള്‍ നമുക്കോര്‍മ്മവരിക, രാമായണ കഥയുമായുള്ള ബന്ധമാണ്. എന്നാല്‍ വാനരപ്പടയുടെ സാനിധ്യമല്ലാതെ പ്രത്യക്ഷമായി ചലച്ചിത്രത്തില്‍ എവിടെയും, രാമായണം വരുന്നില്ല. പക്ഷേ സൂക്ഷ്മമായി നോക്കിയാല്‍, സുഗ്രീവാജ്ഞയുടെ കാര്‍ക്കശ്യവും, ഒളിച്ചിരുന്ന ബാലിക്കുനേരെവന്ന രാമബാണവുമൊക്കെ കാണാം. ആ അര്‍ത്ഥത്തില്‍ ഒരു ബ്രില്ല്യന്റായ സിനിമയാണ്, 'കക്ഷി അമ്മിണിപ്പിള്ള' എന്ന ഭേദപ്പെട്ട സിനിമയെടുത്ത, ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ, ആസിഫലി നായകനായ കിഷ്‌കിന്ധാ കാണ്ഡം എന്ന ഓണച്ചിത്രം. ആദ്യാവസാനം ദുരൂഹതയൊളിപ്പിച്ച, ഒരു മിസ്റ്ററി ത്രില്ലര്‍. സമീപകാല മലയാള സിനിമയുടെ ദയനീയ അവസ്ഥ നോക്കുമ്പോള്‍, ഈ ചിത്രം ശരിക്കും സ്വര്‍ഗമാണ്.
നടന്‍ വിജയരാഘവന്റെ കരിയര്‍ ബെസ്റ്റ് എന്ന് വേണമെങ്കില്‍ ഈ പടത്തെ വിശേഷിപ്പിക്കാം. 70 വയസ്സുള്ള കാര്‍ക്കശ്യക്കാരനായ മൂന്‍ ആര്‍മി ഓഫീസറുടെ വേഷം അതിശക്തമായി വിജയരാഘവന്‍ ചെയ്യുന്നുണ്ട്. അതുപോലെ അടുത്തകാലത്തായി ഓരോ സിനിമയിലും മെച്ചപ്പെട്ടുവരുന്ന നടനാണ് ആസിഫലി. തലവന്‍ എന്ന തൊട്ട്മുമ്പിറങ്ങിയ ആസിഫലി ചിത്രവും വിജയമായിരുന്നു. ഇപ്പോള്‍ പൊളിയുന്ന പടങ്ങളുടെ ക്ലബില്‍ ധ്യാന്‍ ശ്രീനിവാസനെ തനിച്ചാക്കി ആസിഫലി രക്ഷപ്പെട്ടുവെന്നാണ്, സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ട്രോള്‍. അതുപോലെ മറ്റൊരു അപൂര്‍വതയും ഈ ചിത്രത്തിനുണ്ട്. എഴുത്തുകാരനും ക്യാമറാമാനും ഈ പടത്തില്‍ ഒരാളാണ്. അതാണ് ബാഹുല്‍ രമേഷ്. ഭാവിയുള്ള പ്രതിഭ തന്നെയാണ് ഇദ്ദേഹമെന്നും വ്യക്തമാണ്. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ദുരൂഹതകളുടെ കിഷ്‌ക്കിന്ധ
മലയാളത്തില്‍ നാളിതുവരെ ഇറങ്ങിയ മിസ്ട്രി ചിത്രങ്ങളില്‍ മുന്നില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയാണിത്്. കാടും, വനാന്തരീക്ഷവും, ദുരൂഹതകളുമൊക്കെ ഒന്നൊന്നായി ചുരളഴിയുന്നത് കണ്ടുതന്നെ അറിയണം. വയനാട് തിരുനെല്ലിയിലെ വനാതിര്‍ത്തിക്കടുത്തെ ഒരു വലിയ തറവാട്ടിലാണ് കഥ നടക്കുന്നത്. സമകാലീന മലയാള സിനിമയെപ്പോലെ ഒരു പാട് കഥാപാത്രങ്ങളും, ഫ്ളാഷ് ബാക്കും, ജമ്പുകട്ടുകളും, ക്യാമറാ മറിമായങ്ങളുമൊന്നും ഈ പടത്തിലില്ല.
പട്ടാളത്തില്‍ നിന്നും വിരമിച്ചെത്തിയ അപ്പു പിള്ളയും ( വിജയരാഘവന്‍) അയാളുടെ മകന്‍ അജയചന്ദ്രനും ( ആസിഫലി) രണ്ടാം ഭാര്യ അപര്‍ണ ( അപര്‍ണ ബാലമുരളി) ഈ മൂന്നുപേരെയും ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്്. ഒരു വലിയ ജീവിത ദുരിതത്തിലൂടെ കടന്നുപോയ അജയന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ഭാര്യ കാന്‍സര്‍ ബാധിച്ച് മരിക്കുകയും ഏഴു വയസ്സുകാരന്‍ മകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ചെയ്തതാണ് ആ വീടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത. മകനെ തേടി അയാളും, ആദ്യ ഭാര്യയുടെ സഹോദരനും പോകാത്ത ഇടങ്ങളില്ല. അയാളിപ്പോഴും അവനെ അന്വേഷിക്കുന്നുണ്ട്, കൂടെ രണ്ടാം ഭാര്യ അപര്‍ണയും ചേരുന്നു.
പക്ഷേ ക്രമേണ അപര്‍ണ്ണയും സംശയം അപ്പുപിള്ളയിലേക്ക് നീളുന്നു. അയാളുടെ പല കാര്യങ്ങളിലും അവള്‍ ദുരൂഹത കണ്ടെത്തുന്നു. അജയന്റെ ജീവിത പങ്കാളിയായാണ് താന്‍ ഈ വീട്ടിലേക്ക് വന്നതെന്നും, അല്ലാതെ രണ്ടാഴ്ചത്തേക്ക് ടൂറിന് എത്തിയതല്ലെന്ന് അവള്‍ക്ക് ബോധ്യമുണ്ട്. ഭര്‍ത്താവിന്റെ ഭാഷയില്‍ ഷെര്‍ലക്ക് ഹോംസ് കളിയാണെങ്കിലും ആ വീട്ടിലെ ദുരൂഹത നീക്കാന്‍ അവള്‍ ആവുന്നത് ശ്രമിക്കുന്നു. അപ്പു പിള്ളയുടെ ലൈസന്‍സുള്ള തോക്ക് കാണാതാകുന്നതില്‍ നിന്നും തുടങ്ങുന്ന ചിത്രം പിന്നീട് അങ്ങോട്ട് വളര്‍ന്ന് പന്തലിക്കയാണ്.
അവരുടെ കരിയര്‍ ബെസ്റ്റ്
ഈ ചിത്രത്തില്‍ ശരിക്കും തകര്‍ത്താടിയത് വെറ്ററന്‍ നടന്‍ വിജയരാഘവന്‍ തന്നെതാണ്. സ്വഭാവത്തിലും സംസാരത്തിലുമെല്ലാം നിഗൂഡതയൊളിപ്പിച്ച ആ വേഷം ഇതിനേക്കാള്‍ നന്നായി, മമ്മൂട്ടിക്കുപോലും ചെയ്യാന്‍ കഴിയുമെന്ന് തോനുന്നില്ല. ഓര്‍മയുടേയും മറവിയുടേയും ഇടയ്ക്കുള്ള അവസ്ഥയിലൂടെകടന്നു പോകുന്ന, എന്നാല്‍ തന്റെ അസുഖം മറ്റുള്ളവരെ അറിയിക്കാതെ കൊണ്ടുനടക്കുന്ന അപ്പുപിള്ളയായി വിജയരാഘവന്‍ നിറഞ്ഞാടുകയാണ്.
വിജയരാഘവന്‍ 1993-ല്‍ സുരേഷ്ഗോപിക്കൊപ്പം ചെയ്ത ഏകലവ്യന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഒരു രംഗമുണ്ട്. ചേറാടി കറിയാ എന്ന അതിലെ കാട്ടുരാജാവ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ മൂത്രമൊഴിക്കുന്നുണ്ട്. 31 വര്‍ഷത്തിനുശേഷം ഈ പടത്തിലുമുണ്ട് സമാന രംഗം. പക്ഷേ രണ്ടും രണ്ടു ലെവലാണ്. അഭിയയ വിദ്യര്‍ത്ഥികളൊക്കെ ആവര്‍ത്തിച്ച് കണ്ടുപഠിക്കേണ്ട രംഗമാണിത്. അരനൂറ്റാണ്ടുപിന്നിട്ട അഭിനയ ജീവിതത്തമുള്ള വിജയരാഘവന്‍ ഇന്നും വിസ്മയമായി നില്‍ക്കയാണ്. 73ാം വയസ്സിലാണ് പുള്ളി ഈ റോള്‍ ചെയ്തതെന്ന് ഓര്‍ക്കണം. ശരിക്കും അഞ്ഞുറാന്റെ മകന്‍ തന്നെ!
അതുപോലെ സമീപകാലത്തായി ആസിഫലിയുടെ കരിയറും കുത്തനെ ഉയരുകയാണ്. അത്രയൊന്നും വിജയിക്കാത്ത ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളിലും ഈ നടന്റെ മികവ് പ്രകടമായിരുന്നു. അപര്‍ണയെന്ന കഥാപാത്രം അപര്‍ണ ബാലമുരളിയും ഭദ്രമാക്കി. ഈ മൂന്നുപേരുടെയും കഥാപാത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് പാളിയെങ്കില്‍ ചിത്രം അലങ്കോലമായിപ്പോയെനേ.
ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആര്‍മി പരാമര്‍ശം ഉള്ള എല്ലാ ചിത്രത്തിലും മസ്റ്റ് ആണ് നമ്മുടെ മേജര്‍ രവി. മലയാളത്തില്‍നിന്ന് ഫീല്‍ഡ് ഔട്ടായിപ്പോയ നിഷാനെ ഏറെക്കാലത്തിനുശേഷം ഈ പടത്തിലാണ് കാണാനായത്. ആസിഫിന്റെ ആദ്യ സിനിമകളായ ഋതുവിലെ നായകനായിരുന്നു നിഷാന്‍. പിന്നീട് ഇരുവരും സിബി മലയിലിന്റെ അപൂര്‍വരാഗങ്ങളിലും ഒന്നിച്ചു. പിന്നെ നിഷാനെ കാണാനില്ലായിരുന്നു. ഇപ്പോള്‍ കിഷ്‌ക്കിന്ധയിലെ ഫോറസ്റ്റ് ഓഫീസറുടെ വേഷവും അയാള്‍ നന്നായി ചെയ്തിട്ടുണ്ട്. ഈ മികച്ച നടന് ഇത് നല്ല ഒരു തിരിച്ചുവരവാകട്ടെ.
സീനുകള്‍ കുറവാണെങ്കിലും, പ്രധാന്യമുള്ളൊരു വേഷമാണ് ജഗദീഷ് അവതരിപ്പിച്ചിരിക്കുന്നത്. മാനറിസങ്ങള്‍ കൊണ്ട് കഥാപാത്രത്തെ പുതുമയുള്ളതാക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്. ടൊവീനോയുടെ എ ആര്‍ എമ്മിലും, ഇതുപോലെ സീനുകള്‍ കുറവാണെങ്കിലും, ഏറെ പ്രധാന്യമുള്ള വേഷമാണ് ജഗദീഷ് ചെയ്തത്.
പക്ഷേ ഈ സിനിമയിലെ മാന്‍ ഓഫ് ദി മാച്ച് എന്ന് പറയുന്നത് കഥ, തിരക്കഥ, സംഭാഷണം എന്നതിനൊപ്പം ഛായാഗ്രഹണം നിര്‍വഹിച്ച ബാഹുല്‍ രമേഷ് തന്നെയാണ്. രചനപോലെ കിടുവാണ് ക്യാമറയും. യാതൊരു ഗിമ്മിക്ക്സുമില്ലാതെ പ്ലെയിനായി കഥ പറഞ്ഞ് ഫലിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് കുറച്ചേറെ റിസ്‌ക്കാണ്. സംവിധായകന്‍ പോലും രണ്ടാം സ്ഥാനത്തേ വരൂ. കഥാപശ്ചാത്തലത്തിന് യോജിച്ച തരത്തില്‍ സംഗീതം ഒരുക്കിയ മുജീബ് മജീദും അംഗീകാരം അര്‍ഹിക്കുന്നു.
തെറ്റുകുറ്റക്കുറവുകള്‍ ഇല്ലാത്ത ചിത്രങ്ങളില്ലല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ഈ ചിത്രത്തിനും ചില ലൂപ്പ്ഹോളുകള്‍ കണ്ടുപിടിക്കാന്‍ കഴിയും. മറവിരോഗത്തെക്കുറിച്ചുള്ള തിരക്കഥാകൃത്തിന്റെ ധാരണകളില്‍ പിശകുണ്ട്. ഇഷ്ടമുള്ളത് ഓര്‍മ്മിക്കാനും ഇഷ്ടമില്ലാത്തവ മറക്കാനുമുള്ള രീതില്‍ മാറ്റാനുള്ള ചോയ്സ് ഒന്നും ആ രോഗത്തിനില്ല. ഒട്ടും സ്പൂണ്‍ ഫീഡിങ്ങില്ലാത്ത പടമാണിത്. പക്ഷേ എല്ലാം പ്രേക്ഷകര്‍ തീയേറ്ററില്‍ കണ്ണും നട്ടിരുന്ന് കണ്ട് മനസ്സിലാക്കണം എന്ന ന്യൂജന്‍ ഫിലിംമേക്കിങിന്റെ കാഠിന്യം, ചിലയിടത്ത് അല്‍പ്പം കൂടിപ്പോയോ എന്ന സംശയുമുണ്ട്. ശവം തിരിച്ചറിയാന്‍ പോകുന്ന സീനിലും മരിച്ചത് ആസിഫിന്റെ മകനാണെന്ന് ആദ്യഘട്ടത്തില്‍ മനസ്സിലാവുന്നില്ല. ആ ബന്ധം മനസ്സിലായാല്‍ അല്ലേ പ്രേക്ഷകനും വൈകാരിക കണക്ഷന്‍ വരിക. അതുപോലെ ഈ ലേഖകനെ സംബന്ധിച്ച്, ക്ലൈമാക്സ് വിശ്വസനീയമായി തോന്നിയില്ല. ആളുകളുടെ വീക്ഷണകോണ്‍ അനുസരിച്ച് അതുമാറാം. പക്ഷേ മൊത്തത്തില്‍ പറയുമ്പോള്‍, ഒരു നല്ല ക്ലാസ്മൂവിയെന്ന് കിഷ്‌ക്കിന്ധാകാണ്ഡത്തെ വിശേഷിപ്പിക്കാം.
വാല്‍ക്കഷ്ണം: മുന്‍കാലത്തുകണ്ട പലചിത്രങ്ങളുടെയും ഓര്‍മ്മകള്‍ ഈ പടത്തിലൂടെ കടന്നുപോവുന്നുണ്ട്. മോഹന്‍ലാലിന്റെ തന്‍മാത്രക്ക്, ബിജുമേനോന്റെ ആര്‍ക്കറിയാമിലുണ്ടായ കുട്ടിയെന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തെക്കുറിച്ച് റിവ്യൂ വരുന്നത് ശരിയല്ല. ബാഹ്യമായ സാമ്യം മാത്രമേയുള്ളൂ. ആന്തരികമായി ഇത് വേറെ ലെവല്‍ പടമാണ്.