വീണ്ടും എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായി രജനികാന്ത്; 82ാം വയസ്സിലും കത്തി ജ്വലിച്ച് ബിഗ് ബി; പക്ഷേ എല്ലാവരെയും കടത്തിവെട്ടിയത് ഫഹദ്; മഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാനില്ല; മാസും മസാലയും മിക്സായി പാതിവെന്ത പരുവത്തില്‍; വേട്ടയ്യന്‍ ശരാശരി മാത്രം

വേട്ടയ്യന്‍ ശരാശരി മാത്രം

Update: 2024-10-10 12:21 GMT

താനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നീറ്റ് പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ തമിഴ്നാട്ടില്‍ കുട്ടികളുടെ തുടര്‍ച്ചയായ ആത്മഹത്യ വലിയ ചര്‍ച്ചയായിരുന്നു. അരിയല്ലൂര്‍ ജില്ലയിലെ തമിഴ്‌നാട് സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥിനി അനിതയുടെ മരണ വാര്‍ത്തയൊക്കെ ദേശീയ തലത്തില്‍ വാര്‍ത്തയായി. തന്റെ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ മിടുക്കിയായിരുന്നു അനിത. 12ാം ക്ലാസ് പരീക്ഷയില്‍ അരിയല്ലൂര്‍ ജില്ലയില്‍ കണക്കിനും ഊര്‍ജ്ജതന്ത്രത്തിനും 100 ശതമാനം മാര്‍ക്ക് നേടിയ ഒരേയൊരു വിദ്യാര്‍ത്ഥിനി അവളായിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ മെഡിക്കല്‍ സീറ്റ് നേടാനാകാത്തതിന്റെ മനോവിഷമത്തില്‍ 2017 സെപ്റ്റംബര്‍ 1ന് അനിത ആത്മഹത്യ ചെയ്തു.

ഈ മരണം സംസ്ഥാനത്തൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിക്കുകയും മെഡിക്കല്‍ പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷാ മാനദണ്ഡം റദ്ദാക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കുട്ടികളുടെ ആത്മഹത്യകളുണ്ടായി. ഇത് വലിയ വിവാദമായതോടെയാണ് 2020ലാണ് നീറ്റ് പ്രവേശന പരീക്ഷ സംസ്ഥാനത്തിന്റെ താഴേത്തട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോട് വേര്‍തിരിവ് കാണിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം പുറത്തു വന്നത്. പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ പോലും ഇംഗ്ലീഷ് നന്നായി അറിയാത്തതിന്റെ പേരില്‍ പുറം തള്ളപ്പെടുന്നു. പ്രമുഖ ഓണ്‍ലൈന്‍ എഡുക്കേഷന്‍ ആപ്പുകളും, കോച്ചിങ്് സെന്ററുകളുമൊക്കെ ലക്ഷങ്ങള്‍ നല്‍കി ചേരുന്ന ഈ കുട്ടികളുടെ കുടുംബവും കടക്കെണിയില്‍ ആവുകയാണ്.

ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാവേണ്ട ഈ ഒരു വലിയ സാമൂഹിക വിഷയം മുന്‍ നിര്‍ത്തിയാണ്, ജയ്ഭീം എന്ന ക്ലാസിക്ക് സിനിമയെടുത്ത ടി ജെ ജ്ഞാനവേല്‍, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെവെച്ച് വേട്ടയ്യന്‍ എന്ന സിനിമ എടുത്തിരിക്കുന്നത്. ഒപ്പം എന്‍കൗണ്ടര്‍ കൊലകളുടെ രാഷ്ട്രീയവും ചിത്രം പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ കലാപരമായി നോക്കുമ്പോള്‍ ജയ്ഭീമിന്റെ ഏഴയലത്ത് എത്താന്‍ വേട്ടയ്യന് കഴിഞ്ഞിട്ടില്ല. ഒരേസമയം അതിശക്തമായ ഒരു പ്രമേയം സംസാരിക്കുകയും, അതോടൊപ്പം രജിനിയെപ്പോലൊരു താരരാജാവിന്റെ ആരാധകരെ തൃപ്തിപ്പെടുകയും വേണം. അതിനുള്ള ഒരു തരം ഗിമ്മിക്കുകളാണ് ഈ ചിത്രത്തില്‍ ജ്ഞാനവേല്‍ നടത്തുന്നത്. അങ്ങനെ മാസും ക്ലാസും കൂടിക്കലര്‍ന്ന് ചിത്രം ഒരു പാതിവെന്ത പരുവത്തിലായിപ്പോയി. എന്നാല്‍ തനി തല്ലിപ്പൊളിയല്ല. ആവറേജാണ്. ചിത്രത്തെ മലയാളികള്‍ പറയുന്ന 'കണ്ടിരിക്കാം' എന്ന പ്രതികരണത്തില്‍ ഒതുക്കാം.



രജനിയേക്കാള്‍ നന്നായത് ഫഹദ്

ജയിലറില്‍ നെല്‍സണ്‍ രജനിയെക്കൊണ്ട് കാണിച്ച മരണ മാസ് പ്രതീക്ഷിച്ചുപോവുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. പക്ഷേ കട്ട ഫാന്‍സിനുവേണ്ടിയുള്ള പഴയ രജനി നമ്പറുകള്‍ എല്ലാം സംവിധായകന്‍ പൊടി തട്ടിയെടുത്തിട്ടുണ്ട്. കൂളിങ്ങ്ഗ്ലാസ് കറക്കിയുള്ള ഗിമ്മിക്ക്, മൊബൈല്‍ എടുക്കുന്നതിലെ സ്റ്റെല്‍, എന്‍ട്രിയിലെയും സംഘടനങ്ങളിലെയുമൊക്കെ മാസ് എന്നിവയൊക്കെ ചെയ്യാന്‍ ചിത്രം പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ അത് പൂര്‍ണ്ണമായും വര്‍ക്കൗട്ടായിട്ടില്ല. 73കാരനായ രജനികാന്തിന്റെ പ്രായത്തിന്റെ ക്ഷീണം പലയിടത്തും കാണുന്നുണ്ട്. അത് കാണിക്കാതെ ജയിലറെപ്പോലെ അതിശക്തനായി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല.

ഈ ചിത്രത്തിന്റെ രജനീകാന്തിനേക്കാള്‍ ഈ ലേഖകന് ഇഷ്ടമായത് ഫഹദിനെയാണ്. കുസൃതിയും, നര്‍മ്മവും, ഒപ്പം അതീവ ബുദ്ധിശാലിയുമായ പൊലീസിന്‍െ സഹായിക്കുന്ന കുറുക്കനെപ്പോലെയുള്ള കള്ളന്‍ പാട്രിക്ക് എന്ന ബാറ്ററി ചിത്രം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിലുണ്ടാവും. ഈ ഒരു കഥാപാത്രത്തെ മാത്രം ഡെവലപ്പ് ചെയ്ത് ഒരു ചിത്രം എടുത്തിരുന്നെങ്കില്‍ അത് സൂപ്പറായേനെ. എപ്പോഴൊക്കെ ഫഹദിന്റെ കഥാപാത്രത്തെ കാണിക്കുന്നോ അപ്പോഴോക്കെ ചിത്രത്തിന് ഒരു ഫ്രഷ്നസ് വരുന്നുണ്ട്. പുഷ്പ, വിക്രം, മാമന്നന്‍, ഇപ്പോള്‍ വേട്ടയ്യന്‍... തെലുങ്കിലും തമിഴിലുമായി തുടര്‍ച്ചയായ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരു സൗത്തിന്ത്യന്‍ ഐക്കണായി ഫഹദ് മാറുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ഈ രീതിയില്‍ മറ്റ് ഇന്‍ഡസ്ട്രിയിലേക്ക് പടരാന്‍ കഴിഞ്ഞിട്ടില്ല എന്നോര്‍ക്കണം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഫഹദ് ഫാസിലിനെ രജിനീകാന്ത് വാനോളം പുകഴ്ത്തിയത് വെറുതെയല്ലെന്ന് ചിത്രം കണ്ടാല്‍ മനസിലാവും.




രജനിയുടെ ഭാര്യയായി എത്തുന്ന മഞ്ജു വാര്യര്‍ക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത വേട്ടയ്യനിലെ ആ ഗാനം പോലെ ഒന്നോരണ്ടോ രംഗങ്ങളിലാണ്, മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വെട്ടിത്തിളങ്ങുന്നത്. എന്നാലും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രമാണ് അവര്‍. ഒരു ഒറ്റപ്പാട്ടിലുടെ മഞ്ജുവിന്റെ താരമുല്യവും വന്‍ തോതിലാണ് ഉയര്‍ന്നത്.




പ്രായം 82-ല്‍ എത്തിനില്‍ക്കുന്ന അഭിതാഭ്ബച്ചനാണ് ചിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കഥാപാത്രം. ഭാവം കൊണ്ടും ശബ്ദം കൊണ്ടും ബിഗ് ബി ആ വേഷത്തെ ഗംഭീരമാക്കുന്നുണ്ട്. 1991-ല്‍ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിന് ശേഷം 33 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജിനീകാന്തും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ തുടക്കത്തില്‍ വെറുതേ വന്നു പോകുന്ന കഥാപാത്രമാണോ ഇദ്ദേഹം എന്ന് സംശയിച്ചു പോവും. എന്നാല്‍ ബിഗ് ബിയെ വിളിച്ചുവരുത്തിയത് വെറുതെയല്ലെന്ന് ചിത്രം തീരുമ്പോള്‍ അറിയാം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ രണ്ടു നടന്‍മാര്‍ ഒന്നിക്കുന്ന സീനുകളിലൊക്കെ ജനം നന്നായി ആസ്വദിക്കുന്നുണ്ട്.



ദസറ വിജയന്‍, റിതിക സിങ്. രോഹിണി, അഭിരാമി, റാണാ ദഗുബാട്ടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ നെടുതൂണായിട്ടുണ്ട്. മലയാളത്തില്‍ നിന്നും സാബു, അലന്‍സിയര്‍ എന്നിവരും വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതില്‍ സാബു ഒരു ഗുണ്ടയുടെ വേഷം നന്നാക്കിയിട്ടുണ്ട്. അലന്‍സിയര്‍ ഒറ്റ ഷോട്ടില്‍ മാത്രമാണ്.

മാസും മസാലയും മിക്സാവുമ്പോള്‍

ഇന്ത്യന്‍ സിനിമയില്‍ തന്നെ അംബേദ്ക്കറൈറ്റ് രാഷ്ട്രീയം ഇത്ര കൃത്യമായ പറഞ്ഞ ചിത്രം, ജ്ഞാനവേലിന്റെ ജയ്ഭീമിനെപ്പോലെ വേറെയില്ല. ഇവിടെയും ഒരുപാട് ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളുണ്ട്. പക്ഷേ അവയെ ഒന്നും ഫലപ്രദമായ ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. ചിലയിടത്ത് നല്ല ക്ലാസ് മൂവിയായി പടം പോവുമ്പോള്‍, ചിലയിടത്ത് അത് രജനിക്ക് മാസ് കാട്ടാനുള്ള വെറും അടിപ്പടമായി മാറുന്നു. 80കളിലും 90കളിലും രജനീകാന്ത് ചെയ്തുപോലെ പത്തിരുപതുപോരെ ഒറ്റക്കടിച്ച് വീഴ്ത്തുന്ന മാസ്, ഈ 2024-ലെ മാറിയ കാലത്ത് പുറത്തെടുത്താല്‍ അത് പുതിയ തലമുറ സ്വീകരിക്കുമോ?

1980 ഭല്‍ അന്‍ബുക്ക് നാന്‍ അടിമൈ എന്ന് ചിത്രത്തിലാണ് രജനി പോലിസ് ഓഫീസറായി ആദ്യമായി വേഷമിടുന്നത്. അന്ന് മുതല്‍ ഇന്ന് വരെ ഓരോ പോലീസ് കഥാപാത്രത്തിന്റെയം പകര്‍പ്പാണ് ഈ പടത്തിലെ,എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായ ആത്തിയന്‍ എന്ന എസ്പിയും. പൂര്‍ണ്ണമായും പ്രവചിക്കാന്‍ കഴിയുന്നതാണ് ഈ പടത്തിന്റെ കഥ. ഇത് ഇങ്ങനെയൊക്കെയേ സംഭവിക്കൂ എന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും. അതാണ് ചിത്രത്തിന്റെ പ്രധാന ദോഷവും. തിരക്കഥയില്‍ സംവിധായകന്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പഠിച്ച് രക്ഷപ്പെടാനുള്ള ഗ്രാമീണരുടെ ആഗ്രഹം എങ്ങനെയാണ് വിദ്യാഭ്യാസ കച്ചവടക്കാര്‍ മുതലെടുക്കുന്നത് തൊട്ട്, മുടി വളര്‍ത്തി കളര്‍ ചെയ്യുന്നവനും ചേരിയില്‍ ജീവിക്കുന്നവനും മാത്രമാണ് കുറ്റവാളികളെന്ന പൊതുബോധത്തെവരെ ചിത്രം പ്രശ്നവത്ക്കരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പറയുന്നത്, ഈ പ്രമേയം ഇതിനേക്കാള്‍ നല്ല പരിഗണന അര്‍ഹിച്ചിരുന്നു. സാങ്കേതികമായി ചിത്രം മുകളിലാണ്. അനിരുദ്ധ് രവിചന്ദ്രന്റെ സ്‌കോറും ഗാനവും നന്നായിട്ടുണ്ട്. പക്ഷേ സംവിധാനത്തിലെ കണ്‍ഫ്യൂഷനാണ് ചിത്രത്തിന് വിനയായത്. ഒന്നുകില്‍ കട്ട മാസ് പടമായി എടുക്കുക, അല്ലെങ്കില്‍ ക്ലാസ് ആയി എടുക്കുക. ഇത് രണ്ടും ചേര്‍ത്താലുള്ള അവസ്ഥ, പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ ആയിരിക്കും.




പക്ഷേ ചിത്രം സാമ്പത്തികമായി വിജയിക്കുമെന്ന് ഉറപ്പാണ്. കമലഹാസന്റെ ഇന്ത്യന്‍ ടു പോലെയൊന്നും ഒരു ദുരന്ത ചിത്രമല്ല ഇത്. നിര്‍ബന്ധമായും വണ്‍ ടൈം വാച്ചബിളാണ്. പിന്നെ രജനീകാന്ത് എന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച താരത്തിന്റെ ആരാധകര്‍ വരുന്നത് അദ്ദേഹത്തെ കാണാനാണ്. ആ സ്റ്റെലും, ഡയലോഗും, ആക്ഷനും പാട്ടും കാണാനാണ് അവര്‍ ടിക്കറ്റെടുക്കുന്നത്. ആ ഫാന്‍സിനുവേണ്ട ചേരുവകള്‍ എല്ലാം ചിത്രത്തിലുണ്ട്. പക്ഷേ അപ്പോഴും ഈ ഒന്നാന്തരം സബ്ജക്റ്റ് വെച്ച് രജനിയെത്തന്നെ നായകനാക്കി, ജയ്ഭീം മോഡലില്‍ ഒരു നല്ല ചിത്രം എടുക്കാമായിരുന്നില്ലേ എന്ന ദു:ഖം മാത്രം ബാക്കിയാവുന്നു.

വാല്‍ക്കഷ്ണം: എന്‍കൗണ്ടര്‍ കൊലകളെ ന്യായീകരിക്കുന്ന ചിത്രം എന്ന പേരില്‍ ചിലര്‍ ഈ ചിത്രത്തിന്റെ പേരില്‍ സംവിധായകന്‍ ജ്ഞാനവേലിനെതിരെ പ്രതികരിച്ചിരുന്നു. പക്ഷേ അവരൊന്നും ചിത്രം കണ്ടിട്ടില്ലെന്ന് വ്യക്തമാണ്.പോലീസ് വേട്ടക്കാരനല്ല സംരക്ഷകനാണെന്ന ഓര്‍മപ്പെടുത്തലോടെയാണ് സിനിമ അവസാനിക്കുന്നത്.

Tags:    

Similar News