കലാഭവന്‍ പ്രജോദ് സംവിധായകനാവുന്നു; തിരക്കഥ എബ്രിഡ് ഷൈന്‍: അണിയറയില്‍ ഒരുങ്ങുന്നത് ആക്ഷന്‍ ത്രില്ലറോ?

Update: 2024-10-29 10:16 GMT

നടന്‍ കലാഭവന്‍ പ്രജോദ് സംവിധായകനാവുന്നു. '1983', 'ആക്ഷന്‍ ഹീറോ ബിജു', 'മഹാവീര്യര്‍' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എബ്രിഡ് ഷൈനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷനിലേക്കും പിന്നീട് സിനിമയിലും എത്തിയ പ്രജോദിന്റെ പുതിയ ചുവടുവെപ്പാണിത്.

ചിത്രത്തിലെ വിവിധ കഥാപാത്രങ്ങള്‍ക്കായി കാസ്റ്റിങ് കോള്‍ പുറത്തുവിട്ടിട്ടുണ്ട്. മാര്‍ഷ്യല്‍ ആര്‍ട്ട്സില്‍ പ്രാഗല്‍ഭ്യമുള്ള 18നും 24നും ഇടയിലുള്ള യുവാക്കളെയും 30നും 48നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് ഓഡിഷനിലേക്ക് വിളിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായിട്ടാണോ ചിത്രം ഒരുങ്ങുന്നതെന്നാണ് ചിത്രത്തിന്റെ കാസ്റ്റിങ് കോളിന് പിന്നാലെ പ്രേക്ഷകരില്‍ നിന്നുയരുന്ന ചോദ്യം. അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള മാര്‍ഷ്യല്‍ ആര്‍ട്സ് വിദഗ്ധരില്‍ 18നും 24നും ഇടയില്‍ പ്രായമുള്ളവര്‍ kalabhavanprajodmovie1@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കും 30നും 48നും ഇടയില്‍ പ്രായമുള്ളവര്‍ kalabhavanprajodmovie2@gmail.com എന്ന ഇമെയിലുകളില്‍ ആണ് ഓഡിഷനായി പ്രൊഫൈല്‍ അയക്കേണ്ടത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന 'റേച്ചല്‍' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഹണി റോസ് നായികയാവുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 

Tags:    

Similar News