'എമര്‍ജന്‍സി'യില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കാം; ഒടുവില്‍ സമ്മതിച്ച് കങ്കണ

Update: 2024-10-01 06:35 GMT

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരവും ബിജെപി എം പിയുമായ കങ്കണ റണൗത്തിന്റെ ആദ്യ സംവിധാന ചിത്രം എമര്‍ജന്‍സി ഇതിനോടകം നിരവധി ചര്‍ച്ചകളില്‍ ഇടം നേടി കഴിഞ്ഞു. ചിത്രത്തിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. എമര്‍ജന്‍സിയില്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് കങ്കണ റണൗത്ത് സമ്മതിച്ചതായിയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സെന്‍സര്‍ ബോര്‍ഡ് ബോംബെ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് നിര്‍ദേശം നല്‍കിക്കൊണ്ട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ ആറിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമ, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് റിലീസ് നീണ്ടുപോകുകയായിരുന്നു. സിനിമയില്‍ 13 ഓളം കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കങ്കണ തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ മുഖ്യ നിര്‍മ്മാതാവും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതും കങ്കണയാണ്. ചരിത്രം വളച്ചൊടിച്ച് സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ശിരോമണി അകാലിദള്‍ അടക്കമുള്ള സിഖ് സംഘടനകളും സിനിമയ്‌ക്കെതിരെ രം?ഗത്തു വന്നിരുന്നു.

സിനിമയില്‍ ഏതാനും ഭാഗങ്ങള്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യം കങ്കണ തങ്ങളെ അറിയിച്ചതായി സീ എന്റര്‍ടൈന്‍മെന്റ് അഭിഭാഷകന്‍ ശരണ്‍ ജഗ്തിയാനി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം തങ്ങള്‍ അംഗീകരിച്ചതായും കങ്കണ സെന്‍സര്‍ ബോര്‍ഡുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ സിനിമയ്ക്ക് നിര്‍ദേശിച്ചിട്ടുള്ള കട്ടുകള്‍ ഒരു മിനിറ്റില്‍ താഴെ മാത്രമേ വരൂവെന്നും, അത് സിനിമയുടെ ദൈര്‍ഘ്യത്തെ ബാധിക്കില്ലെന്നും സെന്‍സര്‍ബോര്‍ഡ് അഭിഭാഷകന്‍ അഭിനവ് ചന്ദ്രചൂഡ് കോടതിയെ അറിയിച്ചു.

മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക നിര്‍ദേശങ്ങളും സിനിമയുടെ നിര്‍മ്മാതാക്കള്‍ സമ്മതിച്ചിട്ടുണ്ടെന്നും സെന്‍സര്‍ബോര്‍ഡ് അഭിഭാഷകന്‍ പറഞ്ഞു. സിനിമയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ നേരത്തെ അംഗീകരിച്ചതാണെന്നും, എന്നാല്‍ അത് തങ്ങള്‍ക്ക് നല്‍കുന്നില്ലെന്നുമാണ് സീ എന്റര്‍ടൈന്‍മെന്റ് കോടതിയെ അറിയിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതെന്നും അവര്‍ കോടതിയില്‍ വാദിച്ചു. ബിജെപി എംപിയുടെ സിനിമയ്ക്കെതിരെ, ഭരണകക്ഷിയായ പാര്‍ട്ടി ഇങ്ങനെ ചെയ്യുമോയെന്നായിരുന്നു കോടതിയുടെ പ്രതികരണം.

Tags:    

Similar News