'പൊറാട്ട് നാടകം'; കേക്ക് മുറിച്ച് മധുരം പങ്കിട്ട് സൈജു കുറുപ്പിന്റെയും കൂട്ടരുടെയും 'ചിരിയില്‍' തീര്‍ത്ത വിജയാഘോഷം
മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടകത്തിന് തിയേറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. ആദ്യാവസാനം ചിരിച്ച് ആസ്വദിച്ച് കാണാന്‍ കഴിയുന്ന തികച്ചും ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്നതാണ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ഇടപ്പള്ളി വനിത തിയേറ്ററില്‍ ഇന്ന് നടന്ന സെലിബ്രിറ്റി ഷോയ്ക്ക് ശേഷം സിനിമയുടെ വിജയാഘോഷം കേക്ക് മുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുകയുണ്ടായി. സംവിധായകന്‍ നൗഷാദ് സാഫ്രോണ്‍, സൈജു കുറുപ്പ്, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടി ഐശ്വര്യ മിഥുന്‍, രാഹുല്‍ മാധവ്, ഗീതി സംഗീത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രസകരവും കൗതുകകരവുമായ സംഭവങ്ങളുമായി എത്തിയിരിക്കുന്ന ചിത്രം പ്രായഭേദമെന്യേ എവര്‍ക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമാണെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെട്ടിരിക്കുന്നത്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ഒരുക്കിയ 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിലുള്ളത്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും ഇതിനകം യൂട്യൂബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹന്‍ലാല്‍' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വര്‍ഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സൈജു കുറുപ്പിനെ കൂടാതെ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍,ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.