ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹിറോ; 'മഹാ കാളി', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് പ്രശാന്ത്

Update: 2024-10-10 12:32 GMT

ഹനുമാന്‍' എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ സംവിധായകനാണ് പ്രശാന്ത് വര്‍മ്മ. ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ചിത്രവുമായി എത്തുകയാണ് പ്രശാന്ത്. 'മഹാകാളി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത് ചിത്രമാണ് മഹാകാളി. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിലൂടെ പ്രശസ്തയായ പൂജ അപര്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ചിത്രം, കാളി ദേവിയുടെ കഥയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രശാന്ത് വര്‍മ്മ തിരക്കഥ ഒരുക്കുന്ന ചിത്രം, ആര്‍കെഡി സ്റ്റുഡിയോസിന്റെ ബാനറില്‍ റിവാസ് രമേഷ് ദുഗ്ഗലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആര്‍എക്‌സ് 100 ഫെയിം സ്മരണ്‍ സായ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.



ഈ വര്‍ഷം ആദ്യം തിയേറ്ററിലെത്തിയ പാന്‍-ഇന്ത്യ സൂപ്പര്‍ഹീറോ ചിത്രമായ ഹനുമാന്‍ ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. പ്രശാന്ത് വര്‍മ്മയുടെ വമ്പന്‍ വിജയത്തിന്റെ ചുവടുപിടിച്ചാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ഇന്ത്യയില്‍ 210 കോടി രൂപയും, വിദേശത്ത് 55 കോടി രൂപയും കളക്ടുചെയ്ത ഹനുമാന്‍, 265 കോടി രൂപയുടെ ആഗോള കളക്ഷന്‍ നേടിയിരുന്നു. മഹാകാളിക്കു പുറമെ, ഹനുമാന്റെ തുടര്‍ച്ചയായ 'ജയ് ഹനുമാന്‍', സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണയുടെ മകന്‍ നന്ദമുരി മോക്ഷഗ്ന നായകനാകുന്ന 'സിംബ' തുടങ്ങി ഒന്നിലധികം സിനിമകള്‍ പ്രശാന്തിന്റേതായി വരാനിരിക്കുന്നു.

Tags:    

Similar News