ഓം പ്രകാശിനെ അറിയില്ല; മീഡയയില്‍ നിന്നാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്; ഓം പ്രകാശ് ആരെന്ന് ഗൂഗിളില്‍ നോക്കി മനസിലാക്കുകയായിരുന്നു: കൂട്ടുകാര്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍; പ്രയാഗ മാര്‍ട്ടിന്‍

Update: 2024-10-08 07:53 GMT

ലഹരിക്കേസ് വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ഗുണ്ടാ നേതാവായ ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നാണ് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നത്. ഹോട്ടലിലെത്തിയത് സുഹൃത്തുക്കളുടെ കൂടെയാണ് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗയുടെ പ്രതികരണം. ഹഹ ഹിഹി ഹുഹു..! ലഹരി കേസ് വിവാദത്തിനിടെ പരിഹാസം നിറച്ച പ്രതികരണവുമായി എത്തിയിരുന്നു.

ഇന്നലെ രാവിലെ കോഴിക്കോട് നിന്നെത്തി ഉറങ്ങി എണീറ്റപ്പോള്‍ ഒരു മീഡിയയില്‍ നിന്നും വിളിച്ച് ഓം പ്രകാശിനെ കുറിച്ച് ചോദിച്ചു. അത് ആരാണ് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നാലെ മാധ്യമങ്ങള്‍ വിളി തുടര്‍ന്നതോടെ വാര്‍ത്തകള്‍ നോക്കി അയാള്‍ ആരാണെന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രയാഗ പറയുന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ പോകാനുണ്ടായ കാരണത്തെ കുറിച്ചും പ്രയാഗ സംസാരിക്കുന്നുണ്ട്. താന്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ പോയത് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ്. അന്ന് ഒരു ഉദ്ഘാടനത്തിനായി തനിക്ക് കോഴിക്കോട് പോകണമായിരുന്നു, അതിനാല്‍ സ്യൂട്ട് റൂമില്‍ കിടന്നുറങ്ങി. അവിടെ ഒരു കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിനൊപ്പം കിടക്കുകയായിരുന്നു. ഏഴ് മണിക്ക് താന്‍ വന്ദേഭാരതില്‍ കോഴിക്കോടേക്ക് പോയി. ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. തന്നെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ വിളിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് എല്ലാം തെറ്റായ വാര്‍ത്തകളാണ്.

സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത താന്‍ തിരിച്ചു വരാനായി ഡയറ്റിലാണ്. ലഹരി ഒന്നും ഉപയോഗിക്കാറുമില്ല. ഇത് തന്നെയാണ് പൊലീസിനോട് പറയാനുള്ളത് എന്നാണ് പ്രയാഗ പറയുന്നത്. ചോദ്യം ചെയ്യലിന് പോലീസ് വിളിച്ചിട്ടില്ല. വിളിച്ചാല്‍ പോകുമെന്നും പ്രയാഗ പറഞ്ഞു. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അതിനാല്‍ തിരുത്തേണ്ടത് തന്റെ കടമയാണെന്നും താരം പറഞ്ഞു. സുഹൃത്തുക്കളുടെ കൂടെയാണ് താന്‍ ഹോട്ടലില്‍ പോയത്. അവര്‍ കാണായ പോയവരുടെ പശ്ചാത്തലവും നാടും ഒന്നും ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും പ്രയാഗ പറയുന്നു. ഓം പ്രകാശിനോട് താന്‍ ഹലോ പോലും പറഞ്ഞിട്ടില്ലെന്നും അങ്ങനൊരാളെ കണ്ടിട്ടില്ലെന്നും പ്രയാഗ പറയുന്നു.

അതേസമം, ഇരുപതോളം അഭിനേതാക്കള്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിരുന്നുവെന്നും അതില്‍ രണ്ടു പേര്‍ പ്രയാഗയും ശ്രീനാഥ് ഭാസിയുമാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഗുണ്ടാ നേതാവ് ഓം പ്രകാശിനേയും സുഹൃത്തിനേയും ലഹരിക്കേസില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കാണാനായി താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി കണ്ടെത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

Tags:    

Similar News