രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം; രണ്ട് ദിവസത്തിനകം ആശുപത്രി വിടും

Update: 2024-10-02 04:55 GMT

ചെന്നൈ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. താരം വ്യാഴാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ അപ്പോളോ ആശുപത്രിയാണ് ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകളിലൊന്നില്‍ വീക്കമുണ്ടെന്നും താരം വേഗം തന്നെ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാന്‍ അയോര്‍ട്ടയില്‍ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം നടന്‍ ആശുപത്രി വിടുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് രജിനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘകാലമായി രാഷ്ട്രീയ ജീവിതം സ്വപ്‌നം കണ്ടിരുന്ന രജനീകാന്ത് 2020 അവസാനത്തോടെ, സമാനമായ ആരോഗ്യപ്രശ്‌നം മൂലം രാഷ്ട്രീയ ജീവിതം ആരംഭിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിക്കുകയായിരുന്നു. 2020 ഡിസംബറില്‍ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങളും കോവിഡും ചൂണ്ടിക്കാട്ടി പിന്നീട് ആ തീരുമാനത്തില്‍ നിന്നും പിന്‍തിരിഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിംഗ് തിരക്കിലാണ് രജനികാന്ത് ഇപ്പോള്‍. തിങ്കളാഴ്ച രാവിലെ മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരായ എസ് പി മുത്തുരാമന്‍, എവിഎം ശരവണന്‍ എന്നിവരെ അദ്ദേഹം കണ്ടിരുന്നു, ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജയ് ഭീം സംവിധായകന്‍ ടിജെ ജ്ഞാനവേലുമായി രജനികാന്തിന്റെ ആദ്യ കൂട്ടുകെട്ട് ചിത്രം വേട്ടയ്യന്‍ ഒക്ടോബര്‍ 10ന് പ്രദര്‍ശനത്തിനെത്തും. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുപതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും അഭിനയിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം എസ് ആര്‍ കതിറും നിര്‍വ്വഹിക്കും.

Tags:    

Similar News