ശിവകാര്‍ത്തികേയന്റെ അമരനില്‍ ഇന്ദുവായി സായി പല്ലവി: ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്
ചെന്നൈ: ശിവകാര്‍ത്തികേയന്‍ നായകനായ 'അമരന്‍' തമിഴില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്, ചിത്രം ദീപാവലി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്താന്‍ 50 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ ആരംഭിക്കാന്‍ ആണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ആരംഭിക്കുന്നതിനായി, 'അമരന്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അനാച്ഛാദനം ചെയ്തു, സായി പല്ലവിയുടെ ഫസ്റ്റ് ലുക്ക് ടീസറാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന 'അമരന്‍' എന്ന ചിത്രത്തിലാണ് സായ് പല്ലവി ആദ്യമായി ശിവകാര്‍ത്തികേയനൊപ്പം അഭിനയിക്കുന്നത്.
ചിത്രത്തില്‍ മേജര്‍ മുകുന്ദിന്റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസിന്റെ വേഷത്തിലാണ് സായി പല്ലവി എത്തുന്നത്. റിയല്‍ ലൈഫിലെ ഇന്ദു റബേക്ക വര്‍ഗീസില്‍ നിന്നും സായി പല്ലവിയുടെ വേഷത്തിലേക്ക് മാറുന്ന രീതിയിലാണ് ടീസറിന്റെ തുടക്കം.
തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു.
നേരത്തെ ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ മേജര്‍ മുകുന്ദിന്റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസ് വളരെ വൈകാരികമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. അമരന്‍..മരണമില്ലത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാന്‍ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്‌പ്പോഴും എന്നപോലെ ഞാന്‍ ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു.ഒരു ദശാബ്ദം കടന്നുപോയി എന്നാണ് അന്ന് ഇന്ദു എഴുതിയത്.
ഇപ്പോള്‍ വെള്ളിത്തിരയില്‍ അദ്ദേഹത്തിന്റെ സ്മരണയും ദേശസ്‌നേഹവും എന്നെന്നേക്കുമായി അനശ്വരമാകുന്ന സമയമാണിത്. ഞാന്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു.പക്ഷേ ഈ ആവേശം എന്നെന്നേക്കുമായി മായാത്ത സങ്കടവും അനന്തമായ സ്‌നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേര്‍ന്നതാണ്-ഇന്ദു റബേക്ക വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോണി പിക്‌ചേര്‍സും ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. റങ്കൂണ്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൂന്ന് കാലഘട്ടത്തിലെ നായകന്റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനായി മെലിഞ്ഞ് കൌമരക്കാരന്റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.