'സുധിയെ വിറ്റ് കാശാക്കുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക'; ലക്ഷ്മി നക്ഷത്ര വിഷയത്തില്‍ സാജു നവോദയ
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ടത് അവതാരകയായ ലക്ഷ്മി നക്ഷത്രയാണ്. ലക്ഷ്മി സുധിയുടെ മരണത്തേയും കുടുംബത്തിന്റെ സാഹചര്യത്തേയും വിറ്റ് കാശാക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാജു നവോദയ.
സുധിയുടെ ഭാര്യ രേണുവിനും കുഞ്ഞുങ്ങള്‍ക്കും ലക്ഷ്മി സാമ്പത്തിക സഹായം അടക്കം നല്‍കിയിരുന്നു. ഇതെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പുറത്തുവിട്ടിരുന്നു. അടുത്തിടെ സുധിയുടെ മണം പെര്‍ഫ്യൂം ആക്കി കുടുംബത്തിന് സമ്മാനിച്ച സംഭവവും വിഡിയോ ആയി ചെയ്തിരുന്നു. ഇതെല്ലാമാണ് സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
'എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു 'എന്നാണ് വിഷയത്തില്‍ സാജു നവോദയ പ്രതികരിച്ചത്.
'സുധി പോയി... ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടന്‍ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് ബോള്‍ഡായി നില്‍ക്കുന്നതാകും എപ്പോഴും നല്ലത്. മക്കളില്‍ ഒരാള്‍ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളര്‍ത്തി വലുതാക്കണമെങ്കില്‍ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മള്‍ക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാന്‍ വരുന്നവര്‍ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്റുകള്‍ എഴുതി കൂട്ടിവയ്ക്കാന്‍. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണെന്ന് പറയാറില്ലേ... ഇതൊക്കെ അവനവന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴെ മനസിലാകൂവെന്നും' സാജു പറയുന്നു.
'ലക്ഷ്മി നക്ഷത്രയുടെ വിഷയത്തില്‍ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാന്‍, രാജേഷ് പറവൂര്‍ തുടങ്ങിയവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.! ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്ന് തന്നയേ ഞാന്‍ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക' സാജു നവോദയ പറഞ്ഞു.