മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക്; ആദ്യം നിലത്തിറങ്ങി നടക്ക്; ജോജുവിനെതിരെ എസ്.ശാരദകുട്ടി

Update: 2024-11-04 05:57 GMT

കൊച്ചി: ജോജു ജോര്‍ജ്ജ് സംവിധായകനും നടനുമായെത്തിയ പണിയെന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് എത്തുന്നു. സിനിമയിലെ റേപ്പ് സീന്‍ ക്രിയേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായും മാന്യമായും വിമര്‍ശനം നടത്തിയ ആദര്‍ശ് എന്ന ഗവേഷക വിദ്യാര്‍ഥിക്കെതിരെ ജോജു ജോര്‍ജ്ജ് നടത്തിയ ഭീഷണിക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്. സംഭവത്തില്‍ ജോജുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായി എസ് ശാരദകുട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോള്‍ എന്തായാലും പണി എന്ന ചിത്രം കാണാന്‍ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന, ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവര്‍. ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലന്‍സ് കണ്ടിരിക്കാമെന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതിയെന്ന്. എന്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു.

ആദര്‍ശിന്റെ റിവ്യു , ആറ്റിറ്റിയൂഡ് ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിന്റെ അക്രമാസക്തമായ ആ മൊബൈല്‍ സംഭാഷണം കേട്ടതോടെയാണ്.

പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്. നിങ്ങള്‍ മുടക്കിയ വലിയകാശ് നിങ്ങള്‍ക്ക് ലാഭമാക്കി മാറ്റണമെങ്കില്‍ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓര്‍മ്മവേണം. ആദ്യം നിലത്തിറങ്ങി നടക്ക്.

എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എന്‍ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം. അപ്പോള്‍ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാര്‍ കൂടുതല്‍ ജാഗ്രത്താകണം. പ്രേക്ഷകര്‍ കൂടുതല്‍ അധികാരമുള്ളവരായിരിക്കുന്നു. താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം.'


Full View


Tags:    

Similar News