ശസ്ത്രക്രിയകള്‍ക്ക് വേണ്ട സാമ്പത്തികമായും അല്ലാതെയും ഉള്ള കരുതല്‍ നല്‍കി; എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു; ശ്വേതാ മേനോനും ബാബുരാജിനും അമ്മ സംഘടനയ്ക്കും നന്ദി പറഞ്ഞ് ഓമന ഔസേപ്പ്
താരസംഘടനയായ 'അമ്മ' നല്‍കുന്ന കരുതലിനെക്കുറിച്ച് നടി ഓമന ഔസേപ്പ്. രണ്ട് പ്രധാന ശസ്ത്രക്രിയകള്‍ കഴിഞ്ഞ തന്റെ ചികിത്സയ്ക്കായി 'അമ്മ' സംഘടന നല്‍കിയ സഹായം ഏറെ വിലപ്പെട്ടതാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'അമ്മ'യുടെ കരുതല്‍ അനുഭവിച്ചവര്‍ക്കേ അതിന്റെ മഹത്വം മനസിലാകൂവെന്ന് ഓമന ഔസേപ്പ് പറഞ്ഞു. ചികിത്സയ്ക്കായി നടന്‍ ബാബുരാജും 'അമ്മ' പ്രസിഡന്റ് ശ്വേത മേനോനും നേരിട്ട് ഇടപെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ സഹായം ജീവിതത്തിലെ വലിയ പ്രതിസന്ധി മറികടക്കാന്‍ തനിക്ക് കരുത്തായി മാറിയെന്നും നടി വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓണം വന്നു. ഞങ്ങളുടെ 'അമ്മ സംഘടന' തങ്ങളുടെ മക്കളെ എങ്ങനെ കരുതുന്നു എന്ന് അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. ഈ ഓണം അതുകൊണ്ട് കൂടെ പ്രത്യേകതകള്‍ ഉള്ള ഒരു ഓണമാണ്. വലിയ രണ്ടു ശസ്ത്രക്രിയകള്‍ കഴിഞ്ഞിരിക്കുകയാണ് ഞാന്‍. തന്റെ ശക്തമായ കരുതലോടെ എന്റെ സംഘടന എന്നോടൊപ്പം ഉണ്ടായിരുന്നു....
ആശുപത്രിയില്‍ ഈ വലിയ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് വേണ്ട സാമ്പത്തികമായും അല്ലാതെയും ഉള്ള കരുതല്‍ നല്‍കിയ, എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രിയ പ്രസിഡണ്ട് ശ്വേത മേനോന്‍ നേതൃ നിരയില്‍ ഉള്ള എല്ലാ അംഗങ്ങളോടുമുള്ള കൃതജ്ഞത അറിയിച്ചുകൊള്ളുന്നു. വിളിച്ചു സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. ഒപ്പം നേരില്‍ എന്നെ കാണാന്‍ വന്ന ഉൃ റോണി, ആശ അരവിന്ദ്, ലക്ഷമിപ്രിയ, കുക്കു പരമേശ്വരന്‍, സരയു......
വളരെ തിരക്കുള്ള ബുക്കിങ് ഉള്ള ഡോ. മുരുകന്‍ ബാബുവിനെ കാണാനായി, വിളിച്ചുപറഞ്ഞ അടുത്ത ദിവസംതന്നെ അതിനുള്ള സഹായം, അവസരം ചെയ്തുതന്ന പ്രിയ ബാബുരാജ്... നിങ്ങളോടെല്ലാം എന്റെ അകമഴിഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു കൃത്യമായ കരുതല്‍ ഒരു മാതാവ് തന്റെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അതേ സ്‌നേഹവായ്‌പോടെ അമ്മ നല്‍കുന്നു അതില്‍ പുതിയ നേതൃനിര ശക്തമാണ് ശ്രദ്ധാലുക്കളാണ്, പ്രവര്‍ത്തനനിരതരാണ്.
മറ്റാരേക്കാളും എന്റെ അമ്മ എന്നോടൊപ്പമുണ്ട് എന്നത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.... അതിന്റെ ശക്തി എത്രത്തോളമെന്നത് പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. ഇങ്ങനെ ഒരമ്മയുടെ മകളാകാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും എന്ന് ഞാന്‍ വിശ്വസിക്കുന്നു..... എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍. നന്ദിയോടെ, സന്തോഷത്തോടെ ഓമന ഔസേപ്പ്