'ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നുണ പറഞ്ഞു, ഷൂട്ട് കൃതസമയത്ത് തുടങ്ങുകയോ തീരുകയോ ചെയ്തില്ല; 'നാന്‍സി റാണി' വിവാദത്തില്‍ മറുപടിയുമായി അഹാന

'ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നുണ പറഞ്ഞു

Update: 2025-03-11 17:26 GMT

കൊച്ചി: നാന്‍സി റാണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ചിത്രത്തിലെ നായികയായ അഹാന പ്രൊമോഷന്‍ പരിപാടികള്‍ക്കും മറ്റും സഹകരിക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മനുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പാണ് അഹാന് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

''നാന്‍സി റാണി വിഷയത്തില്‍ എന്റെ പ്രതികരണം. ഇതൊരു നീണ്ട കുറിപ്പാണ്. അറിയാന്‍ ശരിക്കും ആകാംഷയുണ്ടെങ്കില്‍ വായിക്കാം. ചുരുക്കത്തില്‍, സംവിധായകനുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും വ്യക്തിപരമായും തൊഴില്‍ പരമായും എനിക്ക് മോശം അനുഭവങ്ങളുണ്ടായി. ഷൂട്ടിനിടെ അവരുടെ ഭാഗത്തു നിന്നുമുണ്ടായ തെറ്റ് മറച്ചുവെക്കാന്‍ എന്നെക്കുറിച്ച് നുണകള്‍ പ്രചരിപ്പിച്ചുവെന്നതാണ് വ്യക്തിപരമായ പ്രശ്‌നം. കൂടുതല്‍ വിവരങ്ങള്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്.'' അഹാന പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും മനു തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ട സമയത്ത് നടന്നിരുന്നില്ല. സംവിധായകനും ചില എഡികളും സെറ്റില്‍ വച്ച് മദ്യപിക്കുന്നത് പതിവായിരുന്നുവെന്നും അത് കാരണം പലപ്പോഴും താരങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും അഹാന പറയുന്നു. ഷൂട്ട് കൃത്യസമയത്ത് തുടങ്ങുകയോ തീരുകയോ ചെയ്തിരുന്നില്ല. എന്താണ് നടക്കുന്നതെന്ന് പോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ആര്‍ട്ടിസ്റ്റുകള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ താന്‍ മനുവിനോട് ഷൂട്ട് തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഹാന പറയുന്നു.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് തന്നെ വിളിച്ചില്ലെന്നും തന്റെ ഭാഗം ഡബ്ബ് ചെയ്യാന്‍ മറ്റൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ ഉപയോഗിച്ചെന്നും അഹാന ആരോപിക്കുന്നുണ്ട്. ക്ലൈമാക്‌സ് രംഗങ്ങള്‍ ഉള്‍പ്പടെ, തന്റെ ഭാഗങ്ങള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വച്ച് ഷൂട്ട് ചെയ്തതായും അഹാന സംശയിക്കുന്നുണ്ട്. താന്‍ പ്രതികരിച്ചതോടെ തന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നാണ് അഹാന പറയുന്നത്.

സംവിധായകനും ഭാര്യയും ചേര്‍ന്ന് താന്‍ തീര്‍ത്തും അണ്‍പ്രൊഫഷണല്‍ ആണെന്ന് പ്രചരിപ്പിച്ചുവെന്നാണ് അഹാന പറയുന്നത്. മറ്റൊരു നടിയോടും പിആര്‍ഒ സംഗീത ജനചന്ദ്രനോടും താന്‍ മയക്കുമരുന്നിന് അടിമയാണെന്നും സെറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും പറഞ്ഞുവെന്നും അഹാന ആരോപിച്ചു. തന്റെ അമ്മയെ ഫോണില്‍ വിളിച്ച മനുവിന്റെ ഭാര്യ ഭര്‍ത്താവിന്റെ മദ്യപാനത്തെ ന്യായീകരിക്കുകയും താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പറഞ്ഞുവെന്നും അഹാന ആരോപിക്കുന്നു.

തന്നെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞു പരത്തിയെന്നത് മനു പിന്നീട് തുറന്നു പറഞ്ഞതാണെന്നും അഹാന പറയുന്നുണ്ട്. അതിന്റെ വോയ്‌സ് റെക്കോര്‍ഡും മറ്റും തന്റെ പക്കലുണ്ടെന്നും അഹാന പറയുന്നു. തന്നെക്കുറിച്ച് നുണകള്‍ പറഞ്ഞവരെ വിളിച്ച് സത്യാവസ്ഥ അറിയിക്കാമെന്ന് പറഞ്ഞ് 20-ാം ദിവസമാണ് മനു മരണപ്പെടുന്നതെന്നും അഹാന പറയുന്നു. അതേസമയം സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ സമ്മതമാണെന്ന കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ പ്രൊമോഷന് പങ്കെടുക്കുമായിരുന്നുവെന്നും അഹാന പറയുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്ന സമയത്ത് പ്രൊമോഷന്‍ വര്‍ക്കുകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും അഹാന പറയുന്നു.

താന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മലയാളത്തിലെ രണ്ട് വലിയ താരങ്ങള്‍ അന്ന് സിനിമയുടെ പോസ്റ്ററുകള്‍ പങ്കുവച്ചതെന്നും അഹാന ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ തന്റെ അവസാനത്തെ പ്രതികരണമായിരിക്കും ഇതെന്നാണ് അഹാന പറയുന്നത്. അഹാന നായികയായെത്തുന്ന സിനിമയില്‍ ലാല്‍, വിശാഖ് നായര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News