ഡീസലടിക്കാനായി മാത്രം വേണ്ടത് 70,000 രൂപ; മാസം ചെലവ് മൂന്നര ലക്ഷം രൂപ; വെളിപ്പെടുത്തലുമായി അഖിൽ മാരാർ

Update: 2025-10-01 13:04 GMT

കൊച്ചി: തന്റെ പ്രതിമാസ ചെലവ് ഏകദേശം മൂന്നര ലക്ഷം രൂപയാണെന്ന് തുറന്നുപറഞ്ഞ് നടനും സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും വലിയ സിംഗിൾ പേയ്‌മെന്റ് ഇ.എം.ഐ ആയി നൽകുന്നത് 55,000 രൂപയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂപ്പറിനും ബെൻസിനും ഏകദേശം സമാനമായ തുകകളാണ് ഇ.എം.ഐ ആയി വരുന്നത്. ഫ്ളാറ്റിന് 24,000 രൂപയും അടയ്ക്കാനുണ്ട്. ഇതെല്ലാം ചെറിയ ഇ.എം.ഐകളാണെന്നും 80 ശതമാനം തുകയും ഇതിനോടകം അടച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ ഇന്ധന ചെലവുകളും ഇതിനൊപ്പം കൂട്ടിച്ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു. മാസം ഏകദേശം 50,000 രൂപയോളം വണ്ടിയുടെ ഇന്ധനത്തിനായി ചെലവഴിക്കുന്നു. കഴിഞ്ഞ മാസം മാത്രം 70,000 രൂപയുടെ ഡീസലടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബെൻസിൽ തിരുവനന്തപുരം യാത്രയ്ക്ക് ഒരു ടാങ്ക് ഡീസൽ നിറയ്ക്കാൻ ഏകദേശം 7,000 രൂപയോളം ചെലവ് വരും, കാരണം 10 മൈലേജ് മാത്രമേ ഈ വാഹനത്തിനുമുള്ളൂ. കൊച്ചിയിലെ ട്രാഫിക്കിൽ ഓടിക്കുമ്പോൾ ഏഴോ എട്ടോ മൈലേജ് മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം വിശദീകരിച്ചു.

വീട്ടുചെലവുകൾ, കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്നുകൾ, അവർക്ക് നൽകുന്ന പണം, ചിട്ടി, ഫ്ളാറ്റിന്റെ ലോൺ, ബി.എം.ഡബ്ല്യു ബൈക്കിന്റെ ലോൺ, ബെൻസിന്റെ ലോൺ എന്നിവയെല്ലാം പ്രതിമാസ ചെലവിൽ ഉൾപ്പെടുന്നു. ലോണുകളെല്ലാം ഉടൻ തീരും, കാരണം അവയുടെ 20 ശതമാനം മാത്രമേ ബാക്കിയുള്ളൂ. ബെൻസിന് 15 ലക്ഷം രൂപയുടെ ലോൺ മാത്രമേയുള്ളൂ എന്നും മൂന്ന് വർഷത്തിനുള്ളിൽ ഇത് അടച്ചുതീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് 2500 സി.സി. വാഹനങ്ങളുടെ ഇ.എം.ഐ. അടയ്ക്കാൻ പോലും നിവൃത്തിയില്ലാതിരുന്ന തന്നെ ഇന്ന് ബാങ്കുകൾ 50 ലക്ഷം രൂപയുടെ ലോണിന് ഓഫറുമായി സമീപിക്കുന്നുണ്ടെന്നും, അന്നത്തെ അവസ്ഥയിൽ നിന്ന് മാറിയ താൻ പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News