'എന്റെ കല്യാണം എന്തായാലും നിങ്ങളോട് പറയില്ല'; കല്യാണ ചെക്കൻ അനീഷ് ആണോയെന്ന് ചോദ്യം; കേരളത്തിൽ വേറെ ആണുങ്ങളില്ലേയെന്ന് അനുമോളുടെ മറുപടി

Update: 2026-02-03 11:54 GMT

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയും പ്രേക്ഷകരുടെ പ്രിയങ്കരിയുമായ അനുമോൾ അനുക്കുട്ടി വീണ്ടും വാർത്തകളിൽ നിറയുന്നു. ബിഗ് ബോസ് ഷോയ്ക്കിടെ തന്നെ വിവാഹ അഭ്യർത്ഥന നടത്തിയ സഹമത്സരാർത്ഥി അനീഷിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആവർത്തിക്കുന്നതിലാണ് താരം ഇപ്പോൾ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മീഡിയാക്കാർ അനുവിനെ വളഞ്ഞത്.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, "എന്റെ കല്യാണ വിവരം എന്തായാലും നിങ്ങളോട് പറയില്ല, നിങ്ങൾ ഇതറിഞ്ഞ് വരാനും സാധ്യതയില്ല" എന്ന് അനുമോൾ നർമ്മത്തിൽ കലർത്തി മറുപടി നൽകി. എന്നാൽ ഇതിനിടെ "കല്യാണച്ചെക്കൻ അനീഷ് ആണോ?" എന്ന ചോദ്യം ഉയർന്നതോടെ അനുമോൾ നിയന്ത്രണം വിട്ട് പ്രതികരിക്കുകയായിരുന്നു. "അതെന്താ അങ്ങനെ ചോദിക്കാൻ കാര്യം? ഈ കേരളത്തിൽ വേറെ ആണുങ്ങളില്ലേ?" എന്നായിരുന്നു രോഷത്തോടെയുള്ള അനുമോളുടെ മറുചോദ്യം.

ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് അനീഷ് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ തന്നെ തനിക്ക് താല്പര്യമില്ലെന്നും അനീഷിനെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നതെന്നും അനുമോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷവും ഏത് പൊതുവേദിയിൽ പോയാലും ഇതേ ചോദ്യം ആവർത്തിക്കുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്.

Tags:    

Similar News