തന്റെ അച്ഛന്‍ ഒരു ഏകാധിപതിയെപ്പോലെ, ചെരിപ്പു കൊണ്ടും ബെല്‍റ്റു കൊണ്ടും പൊതിരെ തല്ലു കിട്ടിയിട്ടുണ്ട്; ഇത് എന്റെ കുട്ടിക്കാലത്ത് ഏറ്റ വലിയൊരു ആഘാതം; ആയുഷ്മാന്‍ ഖുറാന
ബോളിവുഡില്‍ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള നടന്‍മാരിലൊരാളാണ് ആയുഷ്മാന്‍ ഖുറാന. അഭിനയത്തിനൊപ്പം തന്നെ സംഗീതമേഖലയിലും തിളങ്ങുകയാണ് താരമിപ്പോള്‍. ആയുഷ്മാന്‍ ഭവ എന്ന തന്റെ ബാന്‍ഡുമായി അമേരിക്കയില്‍ ടൂറിലാണ് അദ്ദേഹം. അടുത്തിടെ കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച ട്രോമയേക്കുറിച്ച് നടന്‍ തുറന്നു പറഞ്ഞിരുന്നു. സ്വന്തം അച്ഛനില്‍ നിന്നുണ്ടായ പെരുമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
തന്റെ അച്ഛനില്‍ നിന്നും ഒരുപാട് വ്യത്യസ്തനായ അച്ഛനാണ് താനെന്ന് ആയുഷ്മാന്‍ പറഞ്ഞു. തന്റെ അച്ഛന്‍ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു. ചെരിപ്പു കൊണ്ടും ബെല്‍റ്റു കൊണ്ടും പൊതിരെ തല്ലു കിട്ടിയിട്ടുണ്ട്. ഇത് കുട്ടിക്കാലത്ത് മനസിനേറ്റ വലിയൊരു ആഘാതമായിരുന്നെന്നും ആയുഷ്മാന്‍ പറഞ്ഞു.
'ഒരു ദിവസം ഞാന്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയെത്തി. എന്റെ ഷര്‍ട്ടിന് സിഗരറ്റിന്റെ മണമുണ്ടായിരുന്നു. ഇപ്പോള്‍ അച്ഛനോടുള്ള പേടി കാരണം ഞാനതില്‍ തൊടാറില്ല. പക്ഷേ അന്ന് അതിന്റെ പേരില്‍ കുറേ അടി കിട്ടി.' - താരം പറഞ്ഞു. തന്റെ മകളെക്കുറിച്ചും ഷോയില്‍ അദ്ദേഹം പറഞ്ഞു. 'മുപ്പത് വയസാകുന്നതിനു മുന്‍പ് തന്നെ ഞാന്‍ അച്ഛനായി. ഞാനും താഹിറയും വളരെ ചെറിയ പ്രായത്തില്‍ത്തന്നെ അച്ഛനമ്മമാരായി.
എനിക്കൊരു മകളാണുള്ളത്. നിങ്ങള്‍ക്കൊരു മകളാണുള്ളതെങ്കില്‍ അവള്‍ നിങ്ങളെ നല്ലൊരു വ്യക്തിയാക്കും. പെണ്‍മക്കള്‍ നിങ്ങളെ കൂടുതല്‍ സഹാനുഭൂതിയുള്ളവരാക്കും.' ആയുഷ്മാന്‍ ഖുറാന അഭിപ്രായപ്പെട്ടു. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് ആയുഷ്മാന്‍ ഖുറാന ഇനി വേഷമിടുന്നത്. സാറാ അലി ഖാനാണ് നായിക.
മഡോക്ക് ഫിലിംസ് നിര്‍മിക്കുന്ന ഹൊറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ ചിത്രമായ തമ ആണ് ആയുഷ്മാന്റേതായി വരുന്ന മറ്റൊരു ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.