യുവതാരങ്ങള്‍ ഒന്നുമല്ല! താരം മെഗസ്റ്റാര്‍ തന്നെ; ചിരഞ്ജീവിയെ ആദരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്; പ്രൊളിഫിക് ഫിലിം സ്റ്റാര്‍ പദവി നല്‍കിയത് 24000 നൃത്തച്ചുവടുകള്‍ക്ക്
ഇന്ത്യയിലെ മോസ്റ്റ് പ്രോളിഫിക് ഫിലിം സ്റ്റാര്‍
ഹൈദരബാദ്: ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ മികച്ച ഡാന്‍സര്‍ ആരാണെന്ന ചോദ്യത്തിന് ആരാധകര്‍ക്കിടയില്‍ പലവിധ അഭിപ്രായങ്ങളാണ്.വിജയ് ആണ് മികച്ച ഡാന്‍സര്‍ എന്ന കീര്‍ത്തി സുരേഷിന്റെ അഭിപ്രായം വിവാദത്തിലായതും ഇക്കാരണത്താല്‍ തന്നെ.എന്നാല്‍ ഇപ്പോഴിത ഇന്ത്യന്‍ സിനിമയിലെ മികച്ച ഡാന്‍സറായി ഗിന്നസ് റെക്കോര്‍ഡ് പരിഗണിച്ചത് സാക്ഷാല്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയെയാണ്.156 സിനിമകളിലായുള്ള 537 ഗാനങ്ങള്‍ക്ക് ചിരഞ്ജീവി 24000 ഡാന്‍സുകള്‍ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.ഈ നേട്ടം പരിഗണിച്ചാണ് ഇന്ത്യയിലെ മോസ്റ്റ് പ്രോളിഫിക് ഫിലിം സ്റ്റാര്‍ എന്ന പദവി ചിരഞ്ജീവിക്ക് ലഭിച്ചത്.
കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഗിന്നസ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും താരത്തെ ആദരിക്കുകയും ചെയ്തു.1978 സെപ്റ്റംബര്‍ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്.അതുകൊണ്ടാണ് സെപ്തംബര്‍ 22 ന് തന്നെ ഗിന്നസ് അധികൃതര്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ചിരഞ്ജീവിയുടെ ഗാനങ്ങള്‍ക്കും നൃത്തരംഗങ്ങള്‍ക്കും ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. സിനിമയില്‍ അരങ്ങേറി 46 വര്‍ഷങ്ങള്‍കൊണ്ട് 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളുംവെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ഗിന്നസ് ലോക റെക്കോര്‍ഡ് എത്താന്‍ കാരണം.
ഇന്ത്യയിലെ മറ്റൊരു നടനും ഈ നാഴികക്കല്ലിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. 15 സിനിമകള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിരഞ്ജീവിയുടെ 143 ചിത്രങ്ങളേ ഗിന്നസ് അധികൃതര്‍ പരിഗണിച്ചിട്ടുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിരഞ്ജീവിയെ ഗിന്നസ് അധികൃതര്‍ ആദരിക്കുന്ന ചടങ്ങില്‍നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ രാംചരണ്‍ തേജയുടെ ഭാര്യയായ ഉപാസന കോനിഡേല പങ്കുവെച്ചു. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും ചടങ്ങിനുണ്ടായിരുന്നു.
ചിരഞ്ജീവിയുടെ ഏതെങ്കിലും ഒരു ഗാനം കാണുകയാണെങ്കില്‍ ഹൃദയം അതിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവിക്കാമെന്ന് ആമിര്‍ പറഞ്ഞു. ഓരോ ചലനങ്ങളും ആസ്വദിച്ചാണ് ചിരഞ്ജീവി ചെയ്യുന്നത്. അതുകൊണ്ട് പ്രേക്ഷകര്‍ക്ക് അദ്ദേഹത്തില്‍നിന്ന് കണ്ണെടുക്കാനാവില്ല. ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ ചിരഞ്ജീവിയെ തേടിയെത്തട്ടേയെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ചിരഞ്ജീവിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ രാജമൗലിയും രംഗത്തെത്തി.
ചിരഞ്ജീവിയുടെ മകള്‍ സുഷ്മിത കോനിഡേല, കുടുംബാംഗങ്ങളും നടന്മാരുമായ വരുണ്‍ തേജ്, സായ് ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭര എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ചിത്രീകരണത്തിലിരിക്കുന്നത്. 2025 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.