'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ല; സിഖ് സമുദായങ്ങളുടെ പ്രതിഷേധം; കങ്കണ സിനിമയുടെ റിലീസ് മാറ്റി
ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്നതു കങ്കണ
മുംബൈ: ഇന്ദിരാ ഗാന്ധിയുടെ ജീവിത കഥ ചിത്രമാവുന്ന 'എമര്‍ജന്‍സി' യുടെ റിലീസ് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ റിലീസ് അനുമതി ലഭിക്കുന്നത്തിനുണ്ടാവുന്ന കാലതാമസമാണ് സിനിണയുടെ റിലീസ് നീട്ടിവെക്കാനുണ്ടായ കാരണം. പ്രദര്‍ശനാനുമതി ഉടന്‍ ലഭിക്കുമെന്നും പുതിയ റിലീസ് തീയതി അറിയിക്കുമെന്നും കങ്കണ എക്‌സിലൂടെ അറിയിച്ചു. നടിയും എം.പിയുമായ കങ്കണ സംവിധാനം ചെയ്യുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്നതും കങ്കണ തന്നെയാണ്.
സെപ്റ്റംബര്‍ ആറ് വെള്ളിയാഴ്ചയായിരുന്നു കങ്കണ ചിത്രമായ എമര്‍ജന്‍സി റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രീകരണവും പൂര്‍ത്തിയായി ട്രൈലെര്‍ റിലീസിനൊരുങ്ങി ഇരിക്കവെയാണ് സിഖ് മത സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തുന്നത്.
ട്രൈലറില്‍ കാണിച്ച ചില ഭാഗങ്ങളുമായി ബന്ധപ്പെട്ട സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഇതോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണയിലെത്തിയത്. ചിത്രത്തിന്റെ റിലീസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനും വേണ്ടി നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും തിരിച്ചടിയാണ് 'എമര്‍ജന്‍സി'ക്ക് ലഭിച്ചത്. തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.
തന്റെ സിനിമയ്ക്കുമേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഭീകരമായ അവസ്ഥയിലേക്കാണ് നമ്മുടെ പോക്കെന്നും രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങള്‍ എങ്ങനെ പുരോ?ഗമിക്കുന്നു എന്നുമോര്‍ക്കുമ്പോള്‍ വളരെയേറെ നിരാശ തോന്നുന്നുവെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു.
ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും ചിത്രം ഇപ്പോഴും പരിഗണനയിലാണെന്നും സിബിഎഫ്സി കോടതിയെ അറിയിച്ചിരുന്നു. നേരത്തെ സര്‍ട്ടിഫിക്കേഷന്‍ അനുവദിച്ചെങ്കിലും പല ഭാഗങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് തടഞ്ഞുവെച്ചതായി സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധിഷേധങ്ങളെ കൂടി മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.
അതേസമയം, സിനിമയുടെ സര്‍ട്ടിഫിക്കേഷനെ കുറിച്ച് അറിയിച്ചിട്ടും സിബിഎഫ്സി ഇതുവരെ സര്‍ട്ടിഫിക്കറ്റിന്റെ ഔപചാരിക പകര്‍പ്പ് നല്‍കിയിട്ടില്ലെന്ന് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് അവകാശപ്പെട്ടു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളിതാരം വിശാഖ് നായര്‍,എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.