എടാ മോനെ ഈ വർഷം കപ്പ് ഞങ്ങളുടേതെന്ന് ബേസിൽ ജോസഫ്; 'കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണി'ല്ലെന്ന് സഞ്ജു സാംസൺ; മലബാർ ഡെർബിയുടെ പ്രൊമോഷണൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ ആവേശകരമായ മലബാർ ഡെർബിക്ക് ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കിക്കോഫ്. നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്സിയും ആതിഥേയരായ മലപ്പുറം എഫ്സിയും തമ്മിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി പുറത്തിറങ്ങിയ വിഡിയോയിൽ ഇരുടീമുകളുടെയും ബ്രാൻഡ് അംബാസഡർമാരും ഉടമകളും തമ്മിലുള്ള രസകരമായ സംഭാഷണം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസഡറായ നടൻ ബേസിൽ ജോസഫും മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലാണ് വിഡിയോയാണ് വൈറലായിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സഞ്ജുവിനെ വിളിച്ച് ബേസിൽ കളിയാക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഹലോ, ബോൽ’ എന്നു സഞ്ജു പറയുമ്പോൾ, ‘എടാ മോനെ, വിളിച്ചാൽ ഒന്നും കിട്ടുന്നില്ലല്ലോ, ഇങ്ങനെ കളിച്ചു നടക്കുകയാണല്ലേ’ എന്നു ബേസിൽ പറയുന്നു.
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്) എന്ന ആർസിബി ആരാധകരുടെ വാചകം ബേസിൽ പറയുമ്പോൾ, 'നിനക്കൊരു കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ല' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതിന് തഗ് മറുപടിയായി ‘തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തും, എന്നുവച്ച് മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ല എന്നു പണ്ടൊരു മഹാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു’വെന്ന് ബേസിലും തിരിച്ചടിച്ചു. ‘ചുമ്മാ അതിറുതില്ലേ..’ എന്ന രജനീകാന്തിന്റെ പഞ്ച് ഡയലോഗ് സഞ്ജു പറയുന്നതോടെ വിഡിയോ അവസാനിക്കുന്നു.
ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന മലപ്പുറം എഫ്സി, ഹോം ഗ്രൗണ്ടിൽ ജയം തുടരാനാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ കൊച്ചിക്കെതിരെ വിജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയോട് കാലിക്കറ്റ് എഫ്സി പരാജയപ്പെട്ടിരുന്നു. തിരിച്ചുവരവ് ലക്ഷ്യമിട്ട് ഇറങ്ങുന്ന കാലിക്കറ്റ് എഫ്സിക്കും പോയിന്റ് പട്ടികയിൽ മുന്നേറാൻ ഈ വിജയം അനിവാര്യമാണ്. നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തും മൂന്നു പോയിന്റുള്ള കാലിക്കറ്റ് എഫ്സി നാലാം സ്ഥാനത്തുമാണ്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരങ്ങളിൽ കാലിക്കറ്റ് എഫ്സിക്കായിരുന്നു വിജയം.