ഭയങ്കര ആളും ബഹളം ഒന്നുമില്ലാതെ ഒരു പെണ്ണുകാണൽ ചടങ്ങ്; ഇത്രയേ..ഞാൻ ആഗ്രഹിച്ചുള്ളൂ; പുതിയ വീഡിയോയുമായി ഗംഗ
തിരുവനന്തപുരം: പ്രമുഖ യൂട്യൂബർ ഗ്ലാമി ഗംഗയുടെ പെണ്ണുകാണൽ ചടങ്ങ് തിരുവനന്തപുരത്തെ വസതിയിൽ നടന്നു. പ്രതിശ്രുത വരൻ വിഷ്ണുവും കുടുംബവുമാണ് ചടങ്ങിനായി ഗംഗയുടെ വീട്ടിലെത്തിയത്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗംഗ ഈ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്.
ബ്യൂട്ടി വ്ലോഗുകളിലൂടെയും ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ പങ്കുവെച്ചതിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ തിരുവനന്തപുരം സ്വദേശിയാണ് ഗംഗ. അടുത്തിടെ സ്വന്തമായി വീട് നിർമ്മിച്ചതിനും വിവാഹിതയാകാൻ പോകുന്ന സന്തോഷവാർത്തയ്ക്കും പിന്നാലെയാണ് പെണ്ണുകാണൽ ചടങ്ങിന്റെ വിവരങ്ങളും പുറത്തുവരുന്നത്. വിഷ്ണുവും താനും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നെന്നും, അപ്രതീക്ഷിതമായാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഗംഗ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പെണ്ണുകാണൽ ചടങ്ങിന് ഗംഗയുടെ വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും മാമിയും മക്കളും അമ്മയും സഹോദരിയും ഉറ്റ സുഹൃത്ത് മീനാക്ഷിയുമാണ് ഉണ്ടായിരുന്നത്. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും മകനും എത്തി. വീടിനകത്തേക്ക് പ്രവേശിച്ച വിഷ്ണു ഗംഗയ്ക്ക് ഒരു പൂച്ചെണ്ട് സമ്മാനിച്ചു. ചോക്ലേറ്റുകൾ നിറച്ചൊരു ഗിഫ്റ്റ് ഹാംപർ വിഷ്ണുവിന്റെ സഹോദരിയും ഗംഗയ്ക്ക് കൈമാറി.
താൻ ആഗ്രഹിച്ചതുപോലെ ആളും ബഹളങ്ങളുമില്ലാത്ത ഒരു പെണ്ണുകാണൽ ചടങ്ങാണ് നടന്നതെന്ന് ഗംഗ വീഡിയോയിൽ പറയുന്നുണ്ട്. "ഞാൻ വളരെ ആഗ്രഹിച്ച രീതിയിലുള്ള ഒരു പെണ്ണുകാണൽ ആയിരുന്നു ഇത്. ഒരുപാട് ആളും ബഹളങ്ങളുമൊന്നുമില്ല. എന്റെ വീട്ടുകാർ എല്ലാവരോടും നന്നായി സംസാരിക്കുന്നവരാണ്. അതുപോലെ തന്നെയാണ് വിഷ്ണുവിന്റെ വീട്ടിൽ ഉള്ളവരും. അങ്ങനെ മാറിയിരിക്കുന്നവരൊന്നുമല്ല", എന്നാണ് ഗംഗ ചാനലിൽ വ്യക്തമാക്കിയത്.