സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷം! സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഹണി റോസ്; പിറന്നാള്‍ ദിനത്തില്‍ സ്വന്തം നിര്‍മ്മാണക്കമ്പനി പ്രഖ്യാപിച്ചു

എച്ച്ആര്‍വി പ്രൊഡക്ഷന്‍സ് എന്നാണ് ഹണി റോസിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്

Update: 2024-09-06 12:27 GMT

തിരുവനന്തപുരം: സിനിമയിലെത്തി ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നടി ഹണി റോസ്.സ്വന്തമായി നിര്‍മ്മാണക്കമ്പനിയെന്ന തന്റെ സ്വപ്നസംരഭമാണ് താരം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി നടിയെത്തിയത്.

ഹണി റോസ് വര്‍ഗീസ് എന്ന പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആര്‍വി പ്രൊഡക്ഷന്‍സ് എന്നാണ് ഹണി റോസിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്.തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഹണിറോസ് കമ്പനിയുടെ ലോഗോയും വിശദമായ കുറിപ്പും പങ്കുവെച്ചത്.

''ഒരു സ്വപ്നം, ഒരു വിഷന്‍, ഒരു സംരംഭം.സിനിമ എന്നത് പലര്‍ക്കും ഒരു സ്വപ്നമാണ്.അതൊരു ഫാന്റസിയാണ്, ജീവിതാഭിലാഷമാണ്.

ഏകദേശം 20 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുകയാണ്. എന്റെ ചെറുപ്പം, ജീവിതം, പഠനം, സൗഹൃദങ്ങള്‍ തുടങ്ങി എല്ലാറ്റിലും സിനിമ വലിയതും അതി മനോഹരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ വ്യവസായത്തില്‍ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്റെ കടയും വിധിയും ആണെന്ന് എനിക്ക് തോന്നുകയാണ്. എന്റെ ജന്മദിനത്തില്‍ (ഒപ്പം അധ്യാപക ദിനത്തിലും) എന്റെ പുതിയ സംരംഭമായ ഹണി റോസ് വര്‍ഗീസ് (എച്ച്ആര്‍വി) പ്രൊഡക്ഷന്‍സിന്റെ ലോഗോ അനാച്ഛാദനം ചെയ്യുകയാണ്.

ഇത്രയും നാള്‍ സിനിമാസ്വാദകര്‍ നല്‍കിയ സ്നേഹത്തെ ഞാന്‍ വിനയത്തോടെ നോക്കിക്കാണുകയാണ്. അതെനിക്ക് അതിശയകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ഒരുക്കി. ഈ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ യാത്രയില്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ്. എച്ച്ആര്‍വി പ്രൊഡക്ഷന്‍സിലൂടെ എന്റെ ആഗ്രഹവും പ്രതീക്ഷയും നടക്കുമെന്ന് കരുതുന്നു. മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കുക, നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതുമാണ് എന്റെ ലക്ഷ്യം',എന്നാണ് സന്തോഷം പങ്കിട്ട് ഹണി റോസ് കുറിച്ചത്.

Tags:    

Similar News