'കൊടുമൺ പോറ്റിയെ സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് അംഗീകാരം സമർപ്പിക്കുന്നു'; അവാർഡ് നേടിയ എല്ലാവർക്കും ആശംസകൾ; പ്രതികരണവുമായി മമ്മൂട്ടി

Update: 2025-11-04 11:48 GMT

തിരുവനന്തപുരം: 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി സൂപ്പർതാരം മമ്മൂട്ടി. ഈ അംഗീകാരം സിനിമയെ സ്നേഹിച്ച പ്രേക്ഷകർക്ക് വിനയപൂർവ്വം സമർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. 'ഭ്രമയുഗം' പോലെയൊരു സിനിമ തനിക്ക് സമ്മാനിച്ച ടീമിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ മമ്മൂട്ടി മറ്റു ജേതാക്കൾക്കും ആശംസകൾ അറിയിച്ചു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ, സൗബിൻ ഷാഹിർ, ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധാർഥ് ഭരതൻ, ജ്യോതിർമയി, ദർശന, ചിദംബരം എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.

'ഭ്രമയുഗം' ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലെ അഭിനയത്തികവിനായിരുന്നു മമ്മൂട്ടിക്ക് പുരസ്കാരം. താരമൂല്യങ്ങൾ മറന്ന്, അഭിനയ പരീക്ഷണത്തിന് ശരീരത്തെ ഉപാധിയാക്കിയുള്ള ഈ വേഷപ്പകർച്ചയെ ജൂറി പ്രശംസിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ പത്ത് പുരസ്കാരങ്ങൾ നേടിയ 'മഞ്ഞുമ്മൽ ബോയ്സ്' ആണ് ഇത്തവണത്തെ പുരസ്കാരങ്ങളിൽ തിളങ്ങിയത്. അതേസമയം, മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിലും അദ്ദേഹം ശക്തമായ ഒരു വില്ലൻ വേഷത്തിലെത്തുന്നുണ്ട്. 

Tags:    

Similar News