'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ പ്രാർഥന'; കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍
കരൂർ: തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റും ചലച്ചിത്ര താരവുമായ വിജയ് നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർക്ക് ജീവഹാനി സംഭവിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. "കരൂർ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ പ്രാർഥന. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ശക്തിയുണ്ടാവട്ടെ," മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിജയ് നയിച്ച സംസ്ഥാന പര്യടനത്തിൻ്റെ ഭാഗമായി കരൂരിൽ നടന്ന റാലിയിലാണ് ദുരന്തമുണ്ടായത്. പ്രതീക്ഷിച്ചതിലും കവിഞ്ഞ ആളുകൾ പങ്കെടുത്തതാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. ടിവികെ ഭാരവാഹികൾ പതിനായിരം പേർ വരുമെന്ന് അറിയിച്ചപ്പോൾ, പൊലീസ് 15,000 മുതൽ 20,000 വരെ ആളുകളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, യഥാർത്ഥത്തിൽ 25,000 മുതൽ 30,000 വരെ ആളുകൾ റാലിയിൽ പങ്കെടുത്തതായാണ് കണക്കാക്കുന്നത്. വിജയ് സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന ജനക്കൂട്ടമാണ് തിക്കും തിരക്കും വർദ്ധിപ്പിച്ചത്.
സംഭവത്തിൽ 111 പേർക്ക് പരിക്കേൽക്കുകയും ചികിത്സയിലാവുകയും ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും കരൂർ സ്വദേശികളാണ്. ദുരന്തത്തെ തുടർന്ന് തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിജയ് തൻ്റെ സംസ്ഥാന പര്യടനം നിർത്തിവെച്ചു. അടുത്തയാഴ്ച നടത്താനിരുന്ന കോയമ്പത്തൂർ, നീലഗിരി ജില്ലകളിലെ പര്യടനങ്ങളാണ് മാറ്റിവെച്ചത്. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ നിലപാടെടുത്തതായി റിപ്പോർട്ടുകളുണ്ട്. കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ അറിയിച്ചിട്ടുണ്ട്.