'മതം മാറ്റത്തെ കുറിച്ച് അന്ന് വലിയ ധാരണയില്ലായിരുന്നു, ഭർത്താവിന് ഞാൻ തട്ടമിട്ട് 'സബീന'യായി നടക്കാനായിരുന്നു ഇഷ്ടം'; ഹിന്ദു ആത്മീയതയിൽ ഇപ്പോഴും ആകൃഷ്ടയാണെന്ന് ലക്ഷ്മിപ്രിയ
കൊച്ചി: തൻ്റെ മതമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളികൾക്ക് പ്രിയങ്കരിയായ നടിയും നർത്തകിയുമായ ലക്ഷ്മിപ്രിയ. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. വിവാഹത്തിന് തൊട്ടുമുമ്പ്, പതിനെട്ട് വയസ്സുള്ളപ്പോഴാണ് താൻ മതം മാറിയതെന്നും, അന്ന് കാര്യമായ ധാരണയുണ്ടായിരുന്നില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ഇപ്പോഴായിരുന്നെങ്കിൽ ഇങ്ങനെയൊരു തീരുമാനം എടുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തൻ്റെ ഭർത്താവ് ജയേഷിന് താൻ തട്ടമിട്ട് 'സബീന'യായി നടക്കാനായിരുന്നു ഇഷ്ടമെന്നും, എന്നാൽ മതമാറ്റത്തിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്നും ലക്ഷ്മിപ്രിയ വിശദീകരിച്ചു. പരമ്പരാഗതമായി സ്ത്രീ ഭർത്താവിൻ്റെ മതത്തിലേക്ക് മാറണമെന്ന ധാരണയിൽ ആശയക്കുഴപ്പങ്ങളില്ലാതിരിക്കാനാണ് അന്ന് ശ്രമിച്ചതെന്നും അവർ പറഞ്ഞു.
എന്നാൽ, തനിക്ക് എപ്പോഴും ഹിന്ദു സംസ്കാരത്തോടു വലിയ ഇഷ്ടമായിരുന്നെന്ന് നടി വ്യക്തമാക്കി. ചെറുപ്പകാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചതിലൂടെ കണ്ണൻ, ശിവൻ, പാർവതി തുടങ്ങിയ ദേവതമാരെക്കുറിച്ചും സംസ്കൃത ശ്ലോകങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഈ സാംസ്കാരിക അടിത്തറയോടുള്ള ഇഷ്ടമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തിൽ, സനാതന ധർമ്മം ഒരു ജന്മത്തിൻ്റെ പുണ്യമല്ലെന്നും, ജന്മജന്മന്തരങ്ങളിലെ പുണ്യഫലത്തിൽ നിന്നാണ് ഈ വിശ്വാസത്തിലെത്തുന്നതെന്നും താൻ മനസ്സിലാക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഏകാദശി വ്രതം നോക്കുന്നതും രാമായണം പാരായണം ചെയ്യുന്നതും ലളിതാസഹസ്രനാമം ജപിക്കുന്നതുമെല്ലാം തൻ്റെ പതിവാണെന്നും, ഹിന്ദു ആത്മീയതയിൽ താൻ ഇപ്പോൾ ആകൃഷ്ടയാണെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.