'ഈ കുടുംബത്തിന് ഒരുപാട് ഡാര്‍ക്ക് സീക്രട്ട്‌സ് ഉണ്ട്'; നിഗൂഢതകൾ നിറച്ച് ജോജു ജോര്‍ജ് ചിത്രം; ഗംഭീര പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടും; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' ടീസർ പുറത്ത്
കൊച്ചി: സംവിധാന അരങ്ങേറ്റ ചിത്രമായ 'പണി' യുടെ വമ്പൻ വിജയത്തിന് ശേഷം ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. ശരണ്‍ വേലായുധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഒരുക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഏറെ നിഗൂഢതകള്‍ ഒളിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ജോജു ജോർജിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ഗംഭീര പ്രകടനവും ചിത്രത്തിൽ കാണാവുമെന്നാണ് പ്രതീക്ഷ. ചിത്രത്തിലെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്.
ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ചിത്രം ജനുവരി 16 ന് തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലി നായകനായ കിഷ്‍കിന്ധാ കാണ്ഡമാണ് അവരുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത്. സംവിധായകന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിസ്കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട.