'ഫാന്റസി എലമെന്റ് ഉള്ള ഒരു ബ്രോഡ്‌വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം; മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമ'; 'ബറോസ്' കണ്ട ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്

'ബറോസ്' കണ്ട ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്

Update: 2024-12-26 15:13 GMT

കൊച്ചി: മലയാളം കാത്തിരുന്ന ഒരു മോഹന്‍ലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകന്‍ മോഹന്‍ലാല്‍ എന്ന ടൈറ്റില്‍ സ്‌ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം. പ്രതീക്ഷയ്ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷന്‍ 3.6 കോടി ഇന്ത്യന്‍ നെറ്റായി നേടിയെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ ബോഗന്‍വില്ലെയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും കളക്ഷന്‍ ബറോസ് മറികടന്നിരിക്കുകയാണ്. ബോഗന്‍വില്ല റിലീസിന് കളക്ഷന്‍ 3.3 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും കളക്ഷന്‍ 3.3 കോടി രൂപയായിരുന്നു. ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ കണക്കുകളാണ് ഇത് എന്നും സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആവേശം 3.65 കോടിയുമായി ബറോസിന് തൊട്ടു മുന്നിലുണ്ട്.

ബറോസിന്റെ റിലീസ് പാന്‍ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രധാനപ്പെട്ട പ്രത്യേകത ആണ്. കേരളത്തില്‍ മാത്രം അഡ്വാന്‍സായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. ആരൊക്കെ വീഴ്ത്തിയാണ് മുന്നേറ്റം എന്നത് റിലീസിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമാണ് വ്യക്തമാകുക. എന്തായാലും മോഹന്‍ലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് ക്രിസ്മസ് ദിനമായ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. സംവിധാനത്തിനൊപ്പം മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം 3 ഡിയില്‍ ചിത്രീകരിക്കപ്പെട്ട സിനിമയുമാണ്. സിനിമാ മേഖലയില്‍ നിന്നുള്ള പലരും ചിത്രം കണ്ട് പ്രശംസയുമായി രംഗത്തെത്തിയിരുന്നു.

അക്കൂട്ടത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിലയിരുത്തല്‍ ശ്രദ്ധ നേടുകയാണ്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ബറോസ് എന്ന് ലിജോ പറയുന്നു.

'മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു സിനിമ എക്‌സ്പീരിയന്‍സ് തരുന്നുണ്ട് ഈ ചിത്രം. പ്രത്യേകിച്ചും അതിന്റെ സാങ്കേതിക മേഖലകളൊക്കെ ഗംഭീരമായി ചെയ്തിട്ടുണ്ട്. 3 ഡി അനുഭവം വളരെ വളരെ അടുത്തുനില്‍ക്കുന്ന, സ്വാധീനമുണ്ടാക്കുന്ന തരത്തില്‍ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നു ഫാന്റസി എലമെന്റ് ഉള്ള ഒരു ബ്രോഡ്‌വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം തരുന്നുണ്ട് ചിത്രം. അത് മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികള്‍ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്. കാരണം ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ്', ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു.

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ചിത്രം ഇപ്പോഴാണ് എത്തുന്നത്.

Tags:    

Similar News