'പുഷ്പ 2' എത്താന്‍ ഇനി 30 ദിനങ്ങള്‍ മാത്രം; മുഖത്തോട് മുഖം നോക്കി പുഷ്പരാജും ഭവന്‍സിംഗും; അടിപൊളി പോസ്റ്ററുമായി അണിയറപ്രവര്‍ത്തകര്‍: ട്രെയ്ലര് ഉടനെന്ന് റിപ്പോര്‍ട്ട്
ഈ വര്‍ഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2' എത്താന്‍ ഇനി 30 ദിനങ്ങള്‍ മാത്രം. ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളില്‍ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാന്‍ ഒരുങ്ങുന്നത്. തെലുങ്കാനയുടെ മണ്ണില്‍ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാന്‍ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്.
'പുഷ്പ ദ റൂള്‍' ഡിസംബര്‍ 5 മുതല്‍ കേരളക്കരയിലെ തിയേറ്ററുകളില്‍ 24 മണിക്കൂറും പ്രദര്‍ശനമുണ്ടാകുമെന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് സാരഥി മുകേഷ് ആര് മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകര്‍ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാന്‍സ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നായകനും വില്ലനും മുഖത്തോട് മുഖം നോക്കി നില്ക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അല്ലു അര്ജുന് അവതരിപ്പിക്കുന്ന പുഷ്പരാജും ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍സിംഗും മുഖത്തോടുമുഖം നോക്കി നില്‍ക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്ത് വിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ലിയോയുടെ ആദ്യ ദിന കളക്ഷനായ 12 കോടിയെ മറികടക്കുക, കേരളത്തില്‍ റിലീസിന്റെ ആദ്യ ദിനം മുതല്‍ 24 മണിക്കൂറും ഷോകള്‍ പ്രദര്‍ശിപ്പിക്കുക' എന്നീ അജണ്ടകളാണ് ഞങ്ങള്‍ക്കുള്ളതെന്ന് മുകേഷ് ആര് മേത്ത പറഞ്ഞു. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'പുഷ്പ: ദ റൈസി'ന്റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂള്‍' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും സെന്‍സേഷണല്‍ സംവിധായകന് സുകുമാറും പദ്ധതിയിടുന്നത്.
ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തില്‍ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.