'കേൾക്കുന്നവർക്ക് ഇവളാര് ഐശ്വര്യ റായ് ആണോ എന്നൊക്കെ തോന്നാം'; നേരിട്ട് വന്ന് വിവാഹാഭ്യർത്ഥന നടത്തിയവർ ഉണ്ട്; അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ; വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് രേണു സുധി
കൊച്ചി: മലയാളികൾക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ രേണു സുധി. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്നതിലുപരി സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് രേണു സുധി. സോഷ്യൽ മീഡിയയിൽ സജീവമായ രേണു, താൻ വീണ്ടും വിവാഹം കഴിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
രേണു സുധി പറഞ്ഞത് ഇങ്ങനെ: "പ്രണയമൊക്കെ ചിലപ്പോൾ പെട്ടെന്ന് തോന്നുന്നതാകാം. ചിലപ്പോൾ അതിന് സമയമെടുക്കും. എല്ലാവരുടെയും മനസ്സിൽ പ്രണയം ഉണ്ടല്ലോ. സമയമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാം. എന്നെ സംബന്ധിച്ച് ഇനി തിരഞ്ഞെടുക്കുന്ന ജീവിതം വളരെയധികം ശ്രദ്ധിക്കണം. ചിലപ്പോൾ അടുത്തൊരു സ്റ്റെപ്പിലേക്ക് പോയേക്കാം. ചിലപ്പോൾ മുന്നോട്ട് പോയെന്നും വരില്ല. വളരെ വ്യക്തമായി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അതുകൊണ്ട് ഇപ്പോൾ അതേക്കുറിച്ച് പറയാൻ പറ്റില്ല."
തനിക്ക് നേരിട്ട് വന്ന് വിവാഹാഭ്യർത്ഥന നടത്തിയവർ ഉണ്ടായിട്ടുണ്ടെന്നും രേണു പറഞ്ഞു. അവരോട് താൻ ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് താരം വിശദീകരിച്ചു. "എൻ്റെ രണ്ട് കുട്ടികളെയും നന്നായി നോക്കണം. പിന്നെ എന്നെ നോക്കുക, വീട്ടുകാരെ സന്തോഷിപ്പിക്കുക. ഇത്രയും കാര്യങ്ങൾ ഓക്കെ ആണെങ്കിൽ ഞാനും ഓക്കെയാണ്. പക്ഷേ, അതിന് സാവകാശം വേണം." ഇതൊക്കെ ഇവളാര്, ഐശ്വര്യ റായ് ആണോ എന്നൊക്കെ കേൾക്കുന്നവർക്ക് തോന്നിയേക്കാമെന്നും രേണു പറയുന്നു.
തൻ്റെ ഭർത്താവ് കൊല്ലം സുധി ഇപ്പോഴും തൻ്റെ മനസ്സിലുണ്ടെന്നും, അത് പ്രൊപ്പോസ് ചെയ്യുന്നവർ അംഗീകരിക്കണമെന്നും രേണു സുധി കൂട്ടിച്ചേർത്തു. ചിലപ്പോൾ തൻ്റെ ഓർമ്മകളും കാര്യങ്ങളുമൊക്കെ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും, അതൊക്കെ തൻ്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും താരം വ്യക്തമാക്കി.