'ലിപ്' പോലും അനങ്ങുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല; ആന ചെയ്യുന്നത് കണ്ട് ആട് ചെയ്താൽ എങ്ങനെയിരിക്കും; വിജയ് യെ കൊണ്ട് ഒന്നിനും കഴിയില്ല; തുറന്നടിച്ച് ശാന്തിവിള ദിനേശ്

Update: 2026-02-01 08:37 GMT

മിഴ് സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും അദ്ദേഹത്തിന്റെ അഭിനയശൈലിയെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവി അത്ര ശോഭനമായിരിക്കില്ലെന്നും താരത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ പലപ്പോഴും തിരിച്ചടിയാകുമെന്നുമാണ് ശാന്തിവിള ദിനേശിന്റെ പക്ഷം. 'സമയം മലയാളത്തിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.

അഭിനയരംഗം ഉപേക്ഷിച്ച് പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള നടൻ വിജയ്‌യുടെ തീരുമാനത്തിന് സിനിമാ-രാഷ്ട്രീയ ലോകത്ത് നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ തികച്ചും വിഭിന്നവും വിമർശനാത്മകവുമായ നിലപാടാണ് സംവിധായകൻ ശാന്തിവിള ദിനേശ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിൽ വിജയ്‌ക്ക് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിജയ് എന്ന നടനെ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നാണ് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നത്. "വാ തുറക്കാതെ സംസാരിക്കുന്ന വിജയ്‌യുടെ രീതിയും ലിപ് മൂവ്‌മെന്റും എന്നെ ആകർഷിച്ചിട്ടില്ല. എന്റെ മകൻ വിജയ്‌യുടെ കടുത്ത ആരാധകനാണെങ്കിലും എനിക്ക് ആ നടനോട് താല്പര്യമില്ല. ഒരേ അച്ചുതളിൽ വാർത്തതുപോലെയുള്ള സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്," ശാന്തിവിള ദിനേശ് പറഞ്ഞു. എം.ജി.ആറിനെ അനുകരിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും എന്നാൽ ഓരോരുത്തരും അവരവരുടെ പരിമിതികൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിക്കവെ, "ആന ചെയ്യുന്നത് ആട് ചെയ്യാൻ ശ്രമിക്കരുത്" എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് അദ്ദേഹം പരിഹസിച്ചത്. സിനിമാ ലോകത്ത് തമിഴകത്തെ താരരാജാവായി തിളങ്ങി നിൽക്കുമ്പോൾ എന്തിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. രാഷ്ട്രീയത്തിൽ വിജയ് ശോഭിക്കുമെന്ന് താൻ കരുതുന്നില്ലെന്നും തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയ്‌യുടെ പരീക്ഷണം വിജയിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.

വിജയ് എന്ന വ്യക്തിയോടോ രാഷ്ട്രീയത്തോടോ വിയോജിപ്പുകൾ ഉണ്ടെങ്കിലും, താരത്തിന് നേരെ നടക്കുന്ന നീതിരഹിതമായ ഇടപെടലുകളെ അദ്ദേഹം വിമർശിച്ചു. വിജയ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയത്ത് സെൻസർ ബോർഡും അധികൃതരും കാണിക്കുന്ന ചില നിലപാടുകൾ 'തെമ്മാടിത്തരമാണ്'. കൃത്യമായ കാരണങ്ങൾ പറയാതെ ഒരു സിനിമ പൊങ്കലിന് റിലീസ് ചെയ്യരുത് എന്ന് പറയുന്നത് ഒരു കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News