പന്നി പണ്ടേ ക്രിസ്ത്യന്‍ ആയിരുന്നു, പശു ഹിന്ദുവായിട്ട് അധിക കാലമായിട്ടില്ല...മൂരി മുസ്‌ലിമായിട്ടും; മതം തലയ്ക്ക് പിടിച്ചവര്‍ എല്ലാത്തിനെയും വീതം വച്ചു; ഇവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ല; പോസ്റ്റുമായി വിനു മോഹന്‍
എമ്പുരാന്‍ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ, നടന്‍ വിനു മോഹന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണവുമായി രംഗത്തെത്തി. മതം ആധിപത്യമുറ്റിയ മനുഷ്യര്‍ കല, സാഹിത്യം, ഭക്ഷണം എന്നിവയെ പോലും തരംതിരിക്കുകയാണെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം.
'പന്നി പണ്ടേ ക്രിസ്ത്യാനിയായിരുന്നു. പശു ഹിന്ദുവായി ഏറെക്കാലമായി. മൂരി മുസ്ലിം ആയി. മൂരി ഇറച്ചിക്ക് പൗരത്വം നഷ്ടമാകുന്നത് മുസ്ലിം ആയതുകൊണ്ടാണോ?' എന്ന ചോദ്യം എഴുതി, വിനു മോഹന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിനേയും മറ്റു വിഷയങ്ങളേയും വിഭജിക്കുന്ന സമകാലിക പ്രവണതയെ പരിഹസിച്ചു.
കുതിരയുടെ മതം എന്താണെന്ന ചോദ്യവും നടന്‍ ഉയര്‍ത്തി. 'ശിവജിയുടെയും ടിപ്പുവിന്റെയും കൂടെ യുദ്ധം ചെയ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?' എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഒരുമതത്തിലും ചേരാതെ ജീവിച്ചിരിപ്പിനിടെ, സകലരോടും സ്നേഹം പ്രകടിപ്പിച്ച ഒരാള്‍ക്ക് കാന്‍സറോ ഹൃദയാഘാതമോ വന്നാല്‍, ഏതു മതവിഭാഗത്തിനും നീതി പാലിക്കുന്ന ആശുപത്രിയിലേക്കാകും അദ്ദേഹത്തെ കൊണ്ടുപോകുക,' എന്ന നിലപാടും വിനു മോഹന്‍ പങ്കുവെച്ചു.
നടന്റെ ഈ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ചിലര്‍ അതിനെ പിന്തുണച്ചപ്പോള്‍, ചിലര്‍ വിമര്‍ശനവുമായി എത്തിയതും ശ്രദ്ധേയമായി.
പോസ്റ്റിന്റെ പൂര്‍ണരൂപം
പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല
മൂരി മുസ്‌ലിം ആയിട്ടും...
മുസ്‌ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാൻ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല
മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്...
കുതിരയുടെ മതം ഏതാണാവോ...?
ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?
ആന പള്ളികളിലെ നേർച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ ഇടാത്തത്.
മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നൽകുന്ന
സംഗീതോപകരണങ്ങളിലും ഈ വേർതിരിവ് ഉണ്ട് കേട്ടോ...
ഭക്ഷണത്തിനുമുണ്ട് മതം
ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും
താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്.
മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറകളെയും, പ്രകൃതിയെയും,
കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു.
എന്നാൽ ഒരു മതത്തിലും ചേരാതേ നിന്നും സകലരോടും ഇഷ്ട്ടം കാണിച്ചും
ക്യാൻസറും, ഹാർട്ടറ്റാകും, ട്യൂമറും, വർഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളിൽ
കൊണ്ടുപോയി കിടത്തുന്നു.
ഇവിടെ ഒരു മതങ്ങൾക്കും വേർതിരിവില്ല....
ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങൾക്കാണ് എന്നുള്ള ഒരു അവകാശവാദവും ആർക്കുമില്ല.......