ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന ഉത്തരവാദിത്വം; ഭാവിയില്‍ ഇത്തരം റാലികളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നു: വിശാല്‍

Update: 2025-09-28 07:03 GMT

ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിരക്കില്‍ 39 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്‍ വിശാല്‍ ശക്തമായി പ്രതികരിച്ചു. സംഭവത്തെ 'നിശ്ചയമായും ഒഴിവാക്കാവുന്നതായ ദുരന്തമായിരുന്നു' എന്ന് വിശാല്‍ വിലയിരുത്തി.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച അദ്ദേഹം, ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും ആവശ്യപ്പെട്ടു. ''മുപ്പതിലധികം നിരപരാധികളുടെ മരണം അത്യന്തം ദുഃഖകരമാണ്. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എന്റെ ഹൃദയവും വേദനിക്കുന്നു. ഭാവിയില്‍ ഇത്തരം റാലികളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നു,'' വിശാല്‍ കുറിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ടിവികെയെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റ് വി.പി. മതിയഴകനെതിരെ നാല് വകുപ്പുകള്‍ പ്രകാരം കേസാണ് രജിസ്റ്റര്‍ ചെയ്തത്. മരിച്ചവരില്‍ കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെട്ടിരുന്നു. സംഭവദിവസം നിയന്ത്രണാതീതമായ തിരക്കാണ് അപകടത്തിനിടയായതെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. വിജയ് നയിക്കുന്ന സംസ്ഥാനവ്യാപക പ്രചാരണത്തിന്റെ ഭാഗമായാണ് കരൂരില്‍ റാലി നടന്നത്.

Tags:    

Similar News