മുന്നിൽ ഷാരൂഖ് ഖാന്റെ 'ജവാൻ' മാത്രം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി 'സ്ത്രീ 2'

Update: 2024-09-09 07:57 GMT

ശ്രദ്ധ കപൂർ, രാജ്‌കുമാർ റാവു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമർ കൗശിക് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമാണ് 'സ്ത്രീ 2'. 2018 ൽ പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാം ഭാഗമായ ചിത്രം. ആഗസ്റ്റ് 15 നാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ആദ്യ ഭാഗവും മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ 'സ്ത്രീ 2' വും റെക്കോർഡ് കളക്ഷനോടെ തീയേറ്ററുകളിൽ കുതിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 600 കോടിക്കും മുകളിലാണ് ഇതുവരെ കളക്ക്ട് ചെയ്തത്.

ചിത്രം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രമായ 'പത്താൻ', സണ്ണി ഡിയോൾ ചിത്രം 'ഗദ്ദർ 2' എന്നിവയെ മറികടന്നാണ് 'സ്ത്രീ 2' രണ്ടാമതെത്തിയത്. 527 കോടി നേടിയ ചിത്രത്തിന് മുന്നിൽ ഷാരൂഖ് ഖാന്റെ തന്നെ ചിത്രമായ 'ജവാൻ' മാത്രമാണുള്ളത്.

'പത്താൻ' 513 കോടിയും 'ഗദ്ദർ' 2 515 കോടിയുമാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 555.50 കോടിയാണ് ജവാൻ ഇന്ത്യയിൽ നിന്ന് നേടിയത്. റിലീസ് ചെയ്തു നാലാം വാരാന്ത്യത്തിലും 23.00 മുതൽ 23.50 കോടി രൂപ കളക്ഷൻ നേടാൻ 'സ്ത്രീ 2' വിനു കഴിഞ്ഞിട്ടുണ്ട്. നിലവിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം കണക്കിലെടുത്താൽ ചിത്രം ജവാനെ മറികടന്ന് ഒന്നാമതെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ദിനം മാത്രം 55 കോടിയാണ് 'സ്ത്രീ 2' നേടിയത്. സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോയിൽ നിന്നുള്ള കളക്ഷൻ കൂടി കണക്കാക്കുമ്പോൾ അത് 64 കോടിയാകും. 2024 ൽ ഒരു ബോളിവുഡ് സിനിമക്ക് ലഭിച്ച ഏറ്റവും ഉയർന്ന ആദ്യ ദിവസ കളക്ഷൻ കൂടിയാണ് 'സ്ത്രീ 2'വിന്റെത്. റിലീസ് ചെയ്ത് കേവലം 10 ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയത്.

മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് 'സ്ത്രീ 2'. 'ഭേടിയാ', 'മുഞ്ജ്യ', sth'സ്ത്രീ', 'സ്ത്രീ '2 എന്നിവയാണ് ഈ സീരിസിലെ മറ്റു ചിത്രങ്ങൾ. രാജ്‌കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് 'സ്ത്രീ 2' വിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Tags:    

Similar News