'നീ പോലീസിനെ പറഞ്ഞ് മനസിലാക്ക് ഞാന്‍ വക്കീലുമായി വരാം'; ആ ട്രോളുകള്‍ കണ്ടപ്പോഴാണ് എന്റെ കഥാപാത്രങ്ങള്‍ അങ്ങനെയാണെന്ന് 'കണ്‍വിന്‍സ്' ആയത്; സുരേഷ് കൃഷ്ണ പറയുന്നു
'നീ പോലീസിനെ പറഞ്ഞ് മനസിലാക്ക് ഞാന്‍ വക്കീലുമായി വരാം';
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളില്‍ നിറഞ്ഞോടുകയാണ് സുരേഷ് കൃഷ്ണയും അദ്ദേഹത്തിന്റെ വിളിപ്പേരായ കണ്‍വിന്‍സിങ് സ്റ്റാറും. ഇടക്കാലം കൊണ്ട് സിനിമയില്‍ അല്‍പ്പം മങ്ങിപ്പോയെങ്കിലും കണ്‍വിന്‍സിങ് സാറ്റാറായി ഇപ്പോള്‍ സൈബറിടത്തില്‍ വിലസുകയാണ് സുരേഷ് കൃഷ്ണ.
മറ്റ് കഥാപാത്രങ്ങളെ ഓരോന്ന് പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത് ചതിക്കുന്ന ഒരുപാട് കഥാപാത്രങ്ങളായി സുരേഷ് കൃഷ്ണ് വേഷമിട്ടിരുന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ മീമുകള്‍ ഒരുപാട് ട്രെന്‍ഡിങ് ആയിട്ടുണ്ട്. ഈ മീമുകളും ട്രോളുകളുമെല്ലാം കണ്ടപ്പോഴാണ് താന്‍ ഇത്രയും വഞ്ചകനായ കഥാപാത്രങ്ങള്‍ ചെയ്തത കാര്യം ഓര്‍ക്കുന്നതെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു
'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല, എന്റെ പേജ് പോലും വെരിഫൈഡ് അല്ല. മരണമാസ് എന്ന കോമഡി സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ബേസില്‍ ജോസഫ്, സിജു സണ്ണി, രാജേഷ് മാധവന്‍ തുടങ്ങിയവരും ലൊക്കേഷനിലുള്ള മറ്റുള്ളവരുമാണ് 'കണ്‍വിന്‍സിങ് സ്റ്റാര്‍' എന്ന മീം ട്രെന്‍ഡിങ് ആണെന്ന് എന്നോട് പറയുന്നത്. ഇത് അറിഞ്ഞപ്പോള്‍ വളരെ ലാഘവത്തോടെയാണ് ഞാന്‍ അതെടുത്തത്. വില്ലന്മാരില്‍ തന്നെ പല തരമുണ്ടെന്ന് ഈ ട്രെന്‍ഡ് കാണുമ്പോഴാണ് മനസിലാകുന്നത്. ഇത്രത്തോളം വഞ്ചകരായ കഥാപാത്രങ്ങള്‍ ചെയ്ത കാര്യം ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്', സുരേഷ് കൃഷ്ണ പറഞ്ഞത് ഇങ്ങനെ.
കൃസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കെണിയിലാക്കി 'നീ പോലീസിനെ പറഞ്ഞ് മനസിലാക്ക് ഞാന്‍ വക്കീലുമായി വരാം' എന്ന് പറഞ്ഞ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ജോര്‍ജ് കുട്ടി ഓടിപോകുന്ന സീനുണ്ട്. ആ സീന്‍ കുത്തിപ്പൊക്കിക്കൊണ്ടായിരുന്നു ഈ ട്രെന്‍ഡ് ആരംഭിച്ചത്. പിന്നീട് കാര്യസ്ഥന്‍, തുറുപ്പുഗുലാന്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, രാമലീല തുടങ്ങി നിരവധി സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കണ്‍വിന്‍സിങ് സീനുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നാലെ പോസ്റ്റുമായി സുരേഷ് കൃഷ്ണ എത്തിയിരുന്നു. സിനിമയിലെ 'കണ്‍വിന്‍സിങ്' ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 'നിങ്ങള്‍ ലൈക്ക് അടിച്ചിരി, ഞാന്‍ ഇപ്പൊ വരാം' എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തത്.