ഫോട്ടോഷൂട്ടിൽ രാധയായി തമന്ന ഭാട്ടിയ; മതവികാരം വൃണപ്പെടുത്തിയെന്ന് വിമർശനം; സൈബര്‍ ആക്രമണം ശക്തമായതോടെ ഫോട്ടോകൾ നീക്കം ചെയ്തു
മുംബൈ: തെന്നിന്ധ്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ പ്രശസ്ത ഡിസൈനർ കരൺ ടൊറാണിയുമായി ചേർന്ന് നടത്തിയ ഫോട്ടോഷൂട്ടിനെതിരെ വ്യാപക സൈബര്‍ വിമര്‍ശനം. ഒരു പ്രശസ്ത ഫാഷൻ ലേബൽ നടത്തിയ രാധാ-കൃഷ്ണ ഫോട്ടോഷൂട്ടിൻ്റെ ഭാഗമായി താരം രാധയുടെ വേഷത്തിൽ എത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഒരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തി. മതവികാരം വൃണപ്പെടുത്തി രാധാ കൃഷ്ണ ബന്ധത്തെ ലൈംഗികമായി ചിത്രീകരിച്ചു തുടങ്ങിയ പല വ്യാഖ്യാനങ്ങളുമായി ഇക്കൂട്ടർ എത്തി. ഇതോടെ താരം പ്രധിരോധത്തിലാവുകയായിരുന്നു. സൈബര്‍ വിമര്‍ശനം ശക്തമായതോടെ തമന്നയും ടൊറാണിയും അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ നിന്ന് ഫോട്ടോകൾ നീക്കം ചെയ്തിരിക്കുകയാണ്.
ടൊറാണിയുടെ ഡിജിറ്റൽ കാമ്പെയ്‌നിന്റെ ഭാഗമായായിരുന്നു ഫോട്ടോ ഷൂട്ട്. 'ലീല: ദ ഇല്യൂഷൻ ഓഫ് ലവ്' എന്നായിരുന്നു ലേബലിൻ്റെ പേര്. ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തിന്റെ വിവിധ ഘട്ടങ്ങളായിരുന്നു ഫോട്ടോഷൂട്ടിന്റെ ആശയം.
നേരത്തെ കാമ്പെയ്‌നിൽ പ്രവർത്തിച്ചതിൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട് തമന്ന തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ കുറിപ്പെഴുതിയിരുന്നു “രാധയെ അവതരിപ്പിക്കുമ്പോൾ എനിക്ക് അതിരുകടന്ന ഒരു ബന്ധം തോന്നിയ സമയങ്ങളുണ്ട്, എല്ലാത്തിനും പിന്നിൽ ഒരു ദൈവിക ശക്തിയുണ്ടെന്ന് തോന്നുന്നു. കാമ്പെയ്‌നിൻ്റെ ഭാഗമായുള്ള ദൃശ്യങ്ങളിൽ ഈ ദൈവികത പ്രകടമാണ്, ഇത്തരത്തിലൊരു അവസരം എനിക്ക് നൽകിയ ടൊറാണിക്ക് നന്ദി അദ്ദേഹം ശരിക്കും ഒരു പ്രതിഭയാണ്, കൂടെ പ്രവർത്തിച്ചതിൽ വെച്ച് ഏറ്റവും കഴിവുള്ള യുവ ഡിസൈനർമാരിൽ ഒരാളുമാണദ്ദേഹം'. എന്നായിരുന്നു തമന്നയുടെ വാക്കുകൾ.
എന്നാൽ ചിത്രങ്ങൾ പുറത്തു വന്നതോടെ തമ്മന്ന വിമർശനം നേരിടുകയാണുണ്ടായത്. കൃഷ്ണന്‍ രാധ ബന്ധത്തെ ലൈംഗികമായി അവതരിപ്പിച്ചുവെന്ന ആരോപണമാണ് ഫോട്ടോഷൂട്ടിനെതിരെ പ്രധാനമായും ഉയര്‍ന്ന് വന്നത്. തമന്ന ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്നും വിമർശനങ്ങൾ ഉണ്ടായി.
'നിങ്ങളുടെ വിൽപ്പനയ്‌ക്കായി ഞങ്ങളുടെ പ്രിയപ്പെട്ട രാധാ റാണിയുടെയും ശ്രീകൃഷ്ണൻ്റെയും ഏറ്റവും ശുദ്ധമായ ബന്ധം ലൈംഗികവൽക്കരിക്കുന്നത് നിർത്തുക വിഡ്ഢികളേ' എന്നാണ് വന്നൊരു കമന്റ്. ഇത്തരത്തില്‍ നിരവധി കമന്‍റുകള്‍ നിറഞ്ഞതോടെയാണ് ഈ പോസ്റ്റ് തമന്നയും ഡിസൈനറും പിന്‍വലിച്ചത്.