രണ്ട് കോടി നല്‍കൂ അല്ലെങ്കില്‍ കൊല്ലപ്പെടും: സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി: പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അജ്ഞാതന്റെ ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് പോലീസിന് അയച്ച സന്ദേശത്തില്‍ പറയുന്നു.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വോര്‍ലി ജില്ലയിലെ പോലീസ് അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സല്‍മാനും എന്‍.സി.പി. നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരായ വധഭീഷണിക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് നോയിഡ സെക്ടര്‍ 39ല്‍ നിന്നാണ് പിടിയിലായത്. വധഭീഷണി ഉയര്‍ത്തിയതു കൂടാതെ സല്‍മാനില്‍ നിന്നും സീഷാന്‍ സിദ്ദിഖിയില്‍ നിന്നും പണം ആവശ്യപ്പെട്ടതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.
ഒക്ടോബര്‍ 12ന് ദസറ ആഘോഷത്തിനിടെയാണ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്. മകന്റെ ഓഫീസിനു പുറത്തുവച്ചാണ് കൊല ചെയ്യപ്പെട്ടത്. ഒരു ദിവസത്തിനു ശേഷം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് സംഘം രംഗത്തുവന്നു. സല്‍മാനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചതിനാലാണ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാബാ സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതാദ്യമായല്ല സല്‍മാന്‍ ഖാനു നേരെ വധഭീഷണി വരുന്നത്. 2022ലും 23ലും കത്തായും ഇമെയില്‍ വഴിയും സല്‍മാന്‍ ഖാനു നേരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം മുംബൈ പന്‍വേലിലെ ഖാന്റെ ഫാം ഹൗസിലേക്ക് രണ്ടുപേര്‍ അതിക്രമിച്ചു കയറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.