ചരിത്രം കുറിച്ച 'വടക്കന്‍': അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചിത്രം

Update: 2024-09-30 08:37 GMT

അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം രചിച്ച് മലയാള ചിത്രം വടക്കന്‍. സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങിയ വടക്കന്‍ സംവിധാനം ചെയ്തത് സജീദ് എ ആണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫെസ്റ്റില്‍ കേരളത്തില്‍ നിന്നൊരു ചിത്രം വിജയിക്കുന്നത്. കിഷോറും ശ്രുതി മേനോനും ആണ് വടക്കനില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഈ മാസം 28നായിരുന്നു ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവല്‍ നടന്നത്.

'വടക്കന്‍, ഹൃദ്യവും മനോഹരവുമായ ചിത്രം. ബ്രില്ല്യന്റായ ഛായാഗ്രഹണം ആണ് സിനിമയുടേത്. ഒപ്പം ശക്തമായ തിരക്കഥയും സംവിധാനവും അവിശ്വസനീയമായ പ്രകടനങ്ങളും!', എന്നാണ് ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെന്‍ ഡാനിയെല്‍സ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ പശ്ചാത്തലത്തിലാണ് വടക്കന്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിന് മുമ്പ്, ഹൊറര്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ മാത്രമുള്ള ബ്രസ്സല്‍സ് ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് 'വടക്കന്‍' ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലയാളികള്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും 'വടക്കന്‍' എന്നാണ് നിര്‍മ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ എന്നിവരുടെ വാക്കുകള്‍. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും ചിത്രം റിലീസിനായി ഒരുങ്ങുന്നുണ്ട്.

ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിബാല്‍ സംഗീതം നല്‍കുന്നു. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്‌കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു.

ലോക പ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാര്‍ഷെ ദു ഫിലിം 2024-ല്‍ ഹൊറര്‍, ഫാന്റസി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയനില്‍ വടക്കന്റെ എക്‌സ്‌ക്ലൂസീവ്, ഇന്‍വൈറ്റ് ഒണ്‍ലി മാര്‍ക്കറ്റ് പ്രീമിയര്‍ ഈ വര്‍ഷം ആദ്യം നടന്നിരുന്നു. പ്രശസ്ത ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഹോളിവുഡില്‍ നിന്നുള്ള വെര്‍ച്വല്‍ പ്രൊഡക്ഷന്‍ എക്‌സ്‌പെര്‍ട്ട് ഗബ്രിയേല്‍ സെബാസ്റ്റ്യന്‍ റയീസ് തുടങ്ങിയവര്‍ കാനില്‍ ചിത്രം കണ്ട് മികച്ച പ്രതികരണം അറിയിച്ചിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ആലപിച്ച ചിത്രത്തിലെ ഒരു ഗാനവും കയ്യടികള്‍ നേടിയിരുന്നു. ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയാണ് ഈ പ്രണയഗാനത്തിന് വരികള്‍ എഴുതിയത്.

ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്നിലധികം അഭിമാനകരമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തരംഗം സൃഷ്ടിച്ച 'വടക്കന്‍' ഉടന്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Tags:    

Similar News