'പഠിക്കാന്‍ ആണെങ്കില്‍ ഇവിടെ ഇരുന്നും പഠിക്കാം: ഈ തലമുറയിലെ കുട്ടികള്‍ നാടുവിടുന്നത് മറ്റൊന്നിന് വേണ്ടി': തുറന്ന് പറഞ്ഞ് വിനായകന്‍

Update: 2024-10-03 10:32 GMT

തന്റേതായ കഴിവുകൊണ്ട് മലയാള സിനിമയിലേക്ക് കടന്ന വന്ന താരമാണ് വിനായകന്‍. തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിനാല്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിനായകന്‍ എന്ന താരം കേള്‍ക്കാറുണ്ട്. നിരവധി കേസുകളിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച നടനാണ് വിനായകന്‍. ജയിലറിലൂടെ തമിഴകത്തും താരമായി മാറി. കൊച്ചിയില്‍ ഫയര്‍ ഡാന്‍സും മറ്റുമായി നടന്ന സാധാരണക്കാരനായ യുവാവിന്റെ തലവര മാറിമറിയുകയായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളില്‍ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിനായകന്റെ വളര്‍ച്ച. 1995ല്‍ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മന്ത്രികത്തില്‍ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം. ഈ തലമുറിയിലെ കുട്ടികളെ ഇന്ത്യ വിടാന്‍ പ്രേരിപ്പിക്കുന്നത് എന്ത് കാരണത്താലാണെന്നാണ് താരം വ്യക്തമാക്കുന്നത്.

ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടുവരുന്ന ഒരു കാഴ്ചയാണ് പുതിയ തലമുറയിലെ കുട്ടികള്‍ പഠനത്തിനും തൊഴിലുമായി രാജ്യം വിട്ട് വിദേശത്തേയ്ക്ക് ചേക്കേറുന്നത്. ഈ പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ മികച്ച ശമ്പളം, തൊഴില്‍, താമസ സൗകര്യങ്ങള്‍, കൂടുതല്‍ വികസിതവും ആഡംബരത്തിലുമുള്ള ജീവിത രീതി, മികച്ച സൗകര്യങ്ങള്‍ എന്നിവയാണ് മിക്കവരെയും ഇന്ത്യ വിടാന്‍ പ്രേരിപ്പിക്കുന്നത്. വിനായകന്‍ പറഞ്ഞു.

'ശരിക്കും അവര്‍ പഠിക്കാന്‍ വേണ്ടിയല്ല പോകുന്നത്. പഠിക്കാനും വിദ്യാഭ്യാസത്തിനും നാടുവിടേണ്ട കാര്യമില്ല. ഞാന്‍ മനസിലാക്കിയ കാര്യമാണിത്. അവരൊക്കെ സ്വാതന്ത്ര്യത്തിനായാണ് നാടുവിടുന്നത്. പഠനം അവിടെയാണെങ്കിലും ഇവിടെ ആണെങ്കിലും നടക്കും. വിദ്യാഭ്യാസം ഇവിടെയിരുന്നും ഉണ്ടാക്കാം. അവര്‍ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാണ് നാടുവിടുന്നത്'- വിനായകന്‍ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'തെക്ക് വടക്കിന്റെ' ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ക്ക് കൊച്ചിയില്‍ തോപ്പുംപടി പാലത്തിന് സമീപത്തുകൂടി 12 മണിക്ക് ഒറ്റയ്ക്ക് നടക്കാന്‍ കഴിയുമോയെന്ന് വിനായകന്‍ അവതാരകയോട് ചോദിച്ചു. 'നിങ്ങളെ ഞാന്‍ വെല്ലുവിളിക്കാം. 12 മണിക്ക് തോപ്പുംപടി പാലത്തിലിരുന്ന് ഷിപ്പ്യാര്‍ഡ് കാണാന്‍ നിങ്ങള്‍ക്ക് പറ്റില്ല. അതിനുമുന്‍പ് മാന്യന്മാരായ കഴുകന്മാര്‍ വരും. അപ്പോള്‍ ആ സ്വാതന്ത്ര്യം പുതിയ കാലത്തെ കുട്ടികള്‍ക്ക് മനസിലായി. ഇവിടെയിരുന്ന് പഠിച്ചാല്‍ ഭര്‍ത്താക്കന്മാരെയും അമ്മമാരെയും നോക്കേണ്ടി വരും.

അവര്‍ക്ക് അവിടെ 12 മണിക്ക് സ്വതന്ത്രമായി നടക്കാം. അതുകൊണ്ട് അവര്‍ പഠിക്കാന്‍ അല്ല പോകുന്നത്. ഓകെ, പഠിക്കാനാകാം, പക്ഷേ സ്വാതന്ത്ര്യത്തിനും കൂടിയാണ് പോകുന്നത്, പ്രത്യേകിച്ച് സ്ത്രീകള്‍'- വിനായകന്‍ പറഞ്ഞു.

Tags:    

Similar News