വീട്ടുകാര്‍ക്ക് എന്നെ വേണ്ട, അവര്‍ എന്നെ പുറത്താക്കി, പിന്നെ എന്ത് പണം ഉണ്ടാക്കി പ്രശസ്തി ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല കാര്യമില്ല, വിഷാദരോഗത്തിലായിരുന്നു കുറെനാള്‍, തൊപ്പി മരിച്ചു, എന്റെ മുന്നില്‍ വേറെ വഴിയില്ല: പിറന്നാള്‍ ദിനത്തില്‍ മുടിമുറിച്ച് നിഹാദ്; വീഡിയോ
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയനാണ് തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന നിഹാദ്. പിറന്നാള്‍ ദിനത്തില്‍ നിഹാദ് പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തൊപ്പി എന്ന കഥാപാത്രം താന്‍ അവസാനിപ്പിക്കുകയാണ് എന്നാണ് യൂട്യൂബ് ലൈവില്‍ എത്തി പറഞ്ഞത്. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ കടുത്ത വിഷാദത്തിലൂടെയാണ് കടന്നു പോകുന്നത്. സന്തോഷം കിട്ടാന്‍ ഇതല്ലാതെ തന്റെ മുന്നില്‍ മാര്‍ഗമില്ലെന്നും നിഹാദ് പറഞ്ഞത്. തുടര്‍ന്ന് തൊപ്പിയുടെ ഐഡന്റിറ്റിയായി മാറിയ നീണ്ട മുടി നിഹാദ് മുറിച്ചു.
കയ്യിലൊരു ബലൂണും ചെറിയ മെഴുകുതിരി കത്തിച്ച കപ്പ് കേക്കുമായാണ് നിഹാദ് ലൈവില്‍ എത്തിയത്. ഹാപ്പി ബര്‍ത്ത്‌ഡേ ടു മീ പാടി നിഹാദ് മെഴുകുതിരി ഊതിക്കെടുത്തി കപ്പ് കേക്ക് കഴിക്കുകയായിരുന്നു. പിന്നാലെയാണ് താന്‍ കടന്നുപോകുന്ന പ്രതിസന്ധി ഘട്ടത്തേക്കുറിച്ച് തുറന്നു പറഞ്ഞത്. ഇന്നെന്റെ പിറന്നാളായിട്ട് രാവിലെ മുതല്‍ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു, ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു... ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോള്‍ ലൈവിട്ടതാണ്. ലൈവ് വരാനാണെങ്കില്‍ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എന്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേള്‍ക്കുമ്പോള്‍ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടര്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്. - നിഹാദ് പറഞ്ഞു.
വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയതിന്റെ വേദനയും നിഹാദ് പങ്കുവച്ചു. അവസാനം ലൈവ് വന്നിട്ട് വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓര്‍ക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതില്‍ കൊട്ടിയടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. ജീവിതത്തില്‍ അത്രയും വിഷമിച്ച ഒരു ദിവസമുണ്ടായിട്ടില്ല. അതിനു ശേഷം ഞാന്‍ ഇങ്ങനെയാണ്. എല്ലാം അവസാനിപ്പിക്കാന്‍ സമയമായി. എനിക്ക് മടുത്തു. എനിക്കാരുമില്ല.. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്റെ അവസ്ഥ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കുക എന്നറിയില്ല. എനിക്ക് മുന്നിലുള്ള അവസാന വഴി 'തൊപ്പി' എന്ന കഥാപാത്രത്തെ ഒഴിയുകയാണ്. ഞാന്‍ എന്നിലേക്ക് തിരിച്ച് പോവുകയാണ് ഇനി എനിക്ക് സന്തോഷമായിരിക്കാനുള്ള ഏക വഴി. നിങ്ങള്‍ക്കെല്ലാം ഞാനൊരു കോമാളി. ആളുകള്‍ എന്തെങ്കിലും കരുതട്ടേ. സ്വന്തം കുടുംബം അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ്.
മുടി മുറിക്കാന്‍ നിര്‍ദേശിച്ചവരോട് അത് പരിഹാരമല്ല എന്നായിരുന്നു ആദ്യത്തെ മറുപടി. ഒന്നര കൊല്ലത്തെ കഷ്ടപ്പാടാണ് എന്ന് പറഞ്ഞ ശേഷമാണ് നിഹാസ് മുടി മുറിക്കുകയായിരുന്നു. അതിനിടെ നിഹാദ് കരയുന്നതും വിഡിയോയില്‍ കാണാം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിക്കാത്ത വഴികളില്ല. നിസ്‌കരിക്കുകയും ജിമ്മില്‍ പോവുകയുമെല്ലാം താന്‍ ചെയ്തെന്നും പക്ഷേ ഇതൊന്നും സഹായിച്ചില്ലെന്നും നിഹാസ് പറഞ്ഞു. എന്റെ ജീവിതം ഇങ്ങനെയാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം. സാധാരണക്കാരനായ വ്യക്തിയായി ഇനി കാണാം. ഇനി തന്നെ കാണാനാകുമോ എന്ന് അറിയില്ലെന്നും നിഹാദ് പറഞ്ഞു. തൊപ്പി എന്ന കഥാപാത്രത്തെ അവസാനിപ്പിച്ചാല്‍ വീട്ടില്‍ കയറ്റുമോ എന്നായിരുന്നു ഒരു ഫോളോവറുടെ ചോദ്യം. വീട്ടില്‍ കയറ്റാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നും. താന്‍ എല്ലാം ശ്രമിച്ചുനോക്കുകയാണ് എന്നുമാണ് നിഹാദ് പറഞ്ഞത്.