തീ പടര്‍ന്നുപിടിച്ച വീടിന് മുന്നിൽ നിന്ന് നിലവിളിക്കുന്ന സ്ത്രീ; അവരുടെ സഹോദരി അവിടെ കുടുങ്ങിയിട്ടുണ്ടെന്ന് തുറന്നുപറച്ചിൽ; പിന്നാലെ രക്ഷകനായി സൗദി പൗരന്‍

Update: 2025-11-05 11:17 GMT

റിയാദ്: തീ പടർന്നുപിടിച്ച വീടിനുള്ളിൽ കുടുങ്ങിയ പെൺകുട്ടിയെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച സൗദി പൗരന്റെ ധീരത ഏവർക്കും മാതൃകയാവുന്നു. അൽഖർജിലെ അൽഹദ ഡിസ്ട്രിക്ടിലാണ് സംഭവം. മുഅമ്മർ സഖർ അൽറൂഖി എന്ന സൗദി പൗരനാണ് അത്യാഹിതത്തിൽപ്പെട്ട പെൺകുട്ടിക്ക് രക്ഷകനായെത്തിയത്.

കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ തന്നെ വഴിയിൽ തടഞ്ഞുനിർത്തിയ ഒരു വിദേശ തൊഴിലാളിയാണ് അപകടവിവരമറിയിച്ചത്. തീപിടിച്ച വീടിന് മുന്നിൽ പരിഭ്രാന്തയായി നിൽക്കുന്ന ഒരു സ്ത്രീയെയും വീടിനകത്ത് ഉറങ്ങിക്കിടക്കുന്ന സഹോദരിയെയും കുറിച്ച് തൊഴിലാളി അൽറൂഖിയോട് പറഞ്ഞു. തുടർന്ന്, ഒട്ടും സമയം കളയാതെ അദ്ദേഹം വീടിനുള്ളിലേക്ക് പ്രവേശിച്ച് പെൺകുട്ടിയെ സുരക്ഷിതയായി പുറത്തെത്തിക്കുകയായിരുന്നു.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽറൂഖിയുടെ സത്വര ഇടപെടൽ കാരണമാണ് പെൺകുട്ടിക്ക് കാര്യമായ പരിക്കുകളേൽക്കാതെ ജീവൻ തിരികെ ലഭിച്ചത്.  

Tags:    

Similar News